അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 300 കടന്നു
അഫ്ഗാനിസ്ഥാന്‍റെ വടക്കൻ മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 300 കടന്നു. നിരവധിപ്പേർക്കു പരിക്കുണ്ട്. ഒട്ടേറെപ്പേരെ കാണാതാവുകയും ചെയ്തു. ബാഗ്‌ലാൻ, തക്കർ പ്രവിശ്യകളിലുണ്ടായ കനത്ത മഴയാണ് ദുരന്തത്തിനു കാരണം. ബാഗ്‌ലാനിൽ 131ഉം തക്കറിൽ 20ഉം പേർ മരിച്ചതായി താലിബാന്‍റെ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കൂടാതെ, വടക്കുകിഴക്കൻ പ്രവിശ്യയായ ബഡക്‌ഷാൻ, മധ്യമേഖലയിലെ ഘോർ, പടിഞ്ഞാറൻ മേഖലയിലെ ഹെറാത് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. തിഷ്കാൻ ജില്ലയിൽ റോഡ് ഒഴുകിപ്പോയതിനെത്തുടർന്ന് 20,000 പേർ താമസിക്കുന്ന മേഖല ഒറ്റപ്പെട്ടു. ബാഗ്‌ലാൻ പ്രവിശ്യയിലെ ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ആയിരത്തോളം വീടുകളും തകർന്നിട്ടുണ്ട്. പലയിടത്തും കൃഷിഭൂമി പാടേ ഒഴുകിപ്പോയി. മഴ ഉടൻ ശമിക്കില്ലെന്നാണ് അനുമാനം.
zsdff