കോവിഡ് മഹാമാരിയെ കുറിച്ച് ആദ്യമായി വിവരം നൽകിയ ചൈനീസ് മാധ്യമ പ്രവർത്തകക്ക് മോചനം


കോവിഡ് മഹാമാരിയെ കുറിച്ച് ആദ്യമായി ലോകത്തിന് വിവരം നൽകിയ ചൈനീസ് മാധ്യമ പ്രവർത്തകക്ക് ഒടുവിൽ ജയിൽ മോചനം. വുഹാനിലെ കോവിഡ് 19 വൈറസിനെ കുറിച്ച് ലോകത്തെ അറിയിച്ച സിറ്റിസൺ ജേണലിസ്റ്റ് ഷാങ് ഷാനെ ആണ് നാലുവർഷത്തെ തടവിനു ശേഷം ചൈന മോചിപ്പിച്ചത്. അഭിഭാഷകയുമാണ് ഷാൻ. 2020ലാണ് കോവിഡ് വിവരങ്ങൾ ശേഖരിക്കാൻ ഷാൻ വുഹാനിലെത്തിയത്. അപ്പോൾ വുഹാനിൽ ലോക്ഡൗൺ ആയിരുന്നു. ഏതാനും മാധ്യമപ്രവർത്തകർക്ക് മാത്രമേ നഗരത്തിലേക്ക് കടക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ വിഡിയോ ആയും മറ്റും ഷാൻ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചു. ആശുപത്രികൾ നിറഞ്ഞു കവിയുന്നതിനെ കുറിച്ചൊക്കെ അവർ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനും കലഹത്തിനും ഇത് കാരണമായെന്നും കാണിച്ച് 2020മേയിൽ വുഹാൻ പൊലീസ് ഷാനിനെ അറസ്റ്റ് ചെയ്തു. അന്നുതൊട്ട് ഷാങ്ഹായി വനിത ജയിലിലായിരുന്നു ഷാൻ. ജയിലിൽ വെച്ചായിരുന്നു ഷാന്റെ 40ാം പിറന്നാൾ കടന്നുപോയത്. തടവിനെതിരെ പ്രതിഷേധിച്ച അവർ നിരവധി തവണ നീതിനിഷേധത്തിനെതിരെ നിരാഹാര സമരവും കിടന്നു. അപ്പോഴൊക്കെ ട്യൂബിലൂടെ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാൻ ജയിൽ അധികൃതർ ശ്രമിച്ചു. കൈകൾ ബലമായി ബന്ധിച്ചു. അതിനാൽ ട്യൂബ് പിടിച്ചു മാറ്റാൻ ഷാനിന് കഴിഞ്ഞില്ല. 

അറസ്റ്റിലാകുമ്പോൾ 74.8 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഷാൻ ക്രമേണ 40.8 കിലോയിലേക്കെത്തി. മാസങ്ങൾക്കകം ആരോഗ്യം തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഷാനിപ്പോൾ. ഷാനിന്റെ മോചനം ആംനസ്റ്റി ഇന്റർനാഷനൽ ചൈന ഡയറക്ടർ സാറ ഭ്രൂക്സ് സ്വാഗതം ചെയ്തു. ജയിൽ മോചനമായെങ്കിലും മാസങ്ങൾക്കു ശേഷമേ ഷാനിന് പൂർണ സ്വാതന്ത്ര്യം ലഭിക്കുകയുള്ളൂവെന്ന് അഭിഭാഷകൻ പറഞ്ഞു. 2019 ഡിസംബറിൽ വുഹാനിലാണ് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. വുഹാനിലെ മത്സ്യ മാർക്കറ്റാണ് വൈറസിന്റെ ഉറവിടമെന്നാണ് കരുതുന്നത്.

article-image

േ്ിേി

You might also like

Most Viewed