ആവശ്യമെങ്കിൽ ഒറ്റക്ക് നിന്ന് നഖങ്ങൾ കൊണ്ട് വേണമെങ്കിലും പോരാടുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിനിടെ ഇസ്രായേൽ ഒറ്റക്ക് നിൽക്കുമെന്ന പ്രസ്താവനയുമായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ആവശ്യമെങ്കിൽ ഒറ്റക്ക് നിന്ന് നഖങ്ങൾ കൊണ്ട് വേണമെങ്കിലും പോരാടുമെന്ന് നെതന്യാഹു പറഞ്ഞു. 1948ലെ യുദ്ധം ഓർമിപ്പിച്ചായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന. 1948ൽ ഞങ്ങൾ ചെറിയ സംഘമായിരുന്നു. ഞങ്ങൾക്ക് ആയുധങ്ങളുണ്ടായിരുന്നില്ല. എന്നാൽ തങ്ങൾക്കിടയിലുണ്ടായിരുന്ന ആവേശവും ഐക്യവും മൂലം യുദ്ധം ജയിക്കാൻ കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ബൈഡൻ ആയുധവിതരണം നിർത്തിയാൽ കരുത്ത് കൊണ്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും തങ്ങൾ വിജയിക്കുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. കരുത്തരായി നിൽക്കുമെന്നും ലക്ഷ്യങ്ങൾ നേടുമെന്നുമായിരുന്നു ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിന്റെ പ്രസ്താവന. റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രായേലിന് ആയുധങ്ങൾ നൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു. അതേസമയം, ഇസ്രായേൽ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുമെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു. റഫയിലെ നിലവിലെ സാഹചര്യത്തിൽ ഇസ്രായേൽ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല. ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് അവർ പോയിട്ടില്ല. പക്ഷേ, നെതന്യാഹുവിനെയും ഇസ്രായേൽ കാബിനെറ്റിനേയും ഒരു കാര്യം ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ ആക്രമണം നടത്തിയാൽ ഇസ്രായേലിന് യു.എസ് പിന്തുണയുണ്ടാവില്ലെന്നും ജോ ബൈഡൻ പറഞ്ഞിരുന്നു.
നേരത്തെ ഇസ്രായേലിലേക്കുള്ള ആയുധവിതരണം യു.എസ് വൈകിപ്പിച്ചിരുന്നു. യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ ആയുധങ്ങൾ നൽകുന്നത് വൈകിപ്പിച്ച കാര്യം സ്ഥിരീകരിച്ചിരുന്നു.അതേസമയം, റഫയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതിന് ശേഷം നഗരത്തിൽ നിന്നും 80,000 പൗരൻമാർ പലായനം ചെയ്തുവെന്ന് യു.എൻ അറിയിച്ചു. റഫയിൽ ഭക്ഷ്യവസ്തുക്കൾക്കും എണ്ണക്കും കടുത്ത ക്ഷാമം നേരിടുകയാണ്. റഫ അതിർത്തിയുടെ നിയന്ത്രണം ഇസ്രായേൽ ഏറ്റെടുത്തതോടെ കൂടുതൽ അപകടകരമായ കെരാം ഷാലോം പാതയിലൂടെ വരാൻ തങ്ങളുടെ ജീവനക്കാർ നിർബന്ധിതരായിരിക്കുകയാണെന്ന് യു.എൻ അറിയിച്ചു.
sgdfg