ഗാസയിലെ വെടി നിർത്തൽ; ഈജിപ്ത്തും ഖത്തറും മുന്നോട്ടുവച്ച കരാർ അംഗീകരിച്ച് ഹമാസ്
ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഈജിപ്ത്തും ഖത്തറും മുന്നോട്ടുവച്ച വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്. രണ്ടു ദിവസമായി ഈജിപ്‌തിലെ കെയ്‌റോയിൽ ചർച്ച നടക്കുകയായിരുന്നു. കിഴക്കൻ റാഫയിൽനിന്ന് ഒഴിയാൻ ഇസ്രയേൽ സൈന്യം നിർദേശിച്ചതിനെ തുടർന്ന് ജനങ്ങൾ പലായനം ചെയ്യാൻ തുടങ്ങിയതിന് പിന്നാലെയാണ് നടപടി. ഹമാസ് തലവൻ ഇസ്മയിൽ ഹനിയ, കരാർ അംഗീകരിക്കുന്നതായി ഖത്തർ, ഈജിപ്ത് ഉന്നതരെ അറിയിച്ചു. ഇസ്രയേൽ സേനയെ പിൻവലിക്കുന്നതും ബന്ദികളുടെ കൈമാറ്റവുമടക്കം കരാറിലുണ്ടെന്നാണ് വിവരം. എന്നാൽ, ഇക്കാര്യത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
ഇസ്രയേൽ ഇത് അംഗീകരിച്ചാൽ യുദ്ധത്തിന് അറുതിയുണ്ടാകും. ഹമാസ് പ്രഖ്യാപനത്തിനുപിന്നാലെ റാഫയിൽ ആഹ്ലാദപ്രകടനവുമായി ജനക്കൂട്ടം തടിച്ചുകൂടി. ഏഴു മാസമായുള്ള യുദ്ധത്തിൽ ഇതുവരെ 34,735 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിലേറെയും കുട്ടികളും സ്‌ത്രീകളുമാണ്. 78,018 പേർക്ക് പരിക്കേറ്റു. യുദ്ധം നിർത്തുകയും ഇസ്രയേൽ സൈന്യം പിൻമാറുകയും ചെയ്താൽ ബന്ദികളെ മോചിപ്പിക്കാമെന്ന ഹമാസ് നിർദേശം നേരത്തേ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളിയിരുന്നു.130ലേറെ ബന്ദികൾ ഗാസയിലുണ്ടെന്നാണ് ഇസ്രയേൽ കണക്ക്. കഴിഞ്ഞ രണ്ടു ചർച്ചകൾക്കും പ്രതിനിധികളെ ഇസ്രയേൽ അയച്ചിരുന്നില്ല.
zsczc