യു.എസ് സൈനികൻ റഷ്യയിലെ വ്ളാഡിവോസ്റ്റോക്കിൽ മോഷണക്കുറ്റത്തിന് അറസ്റ്റിലായി
യു.എസ് സൈനികൻ റഷ്യയിലെ വ്ളാഡിവോസ്റ്റോക്കിൽ മോഷണക്കുറ്റത്തിന് അറസ്റ്റിലായി. ഗോർഡൻ ബ്ലാക്ക് എന്ന സൈനികോദ്യോഗസ്ഥനെ ജൂലൈ രണ്ടു വരെ വിചാരണത്തടവിൽ വിട്ടതായി റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. പെൺസുഹൃത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈനികനെ അറസ്റ്റു ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. വ്ളാഡിവോസ്റ്റോക് സ്വദേശിയായ യുവതിയുമായി സൈനികൻ അടുപ്പത്തിലായിരുന്നുവെന്നും, പരാതിക്കാരിയുടെ വീട്ടിൽനിന്ന് രണ്ടുലക്ഷം റൂബിൾ മോഷ്ടിച്ചെന്നുമാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
ദക്ഷിണ കൊറിയയിൽ വിന്യസിച്ച യു.എസ് സംഘത്തോടൊപ്പമുണ്ടായിരുന്ന ഗോർഡൻ ബ്ലാക്ക്, സ്വദേശമായ ടെക്സാസിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഇതിനിടെ ഇന്‍റർനെറ്റിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ വ്ളാഡിവോസ്റ്റോക്കിൽ എത്തി. പിന്നീട് ഇവിടെവച്ച് അറസ്റ്റു ചെയ്യപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, അറസ്റ്റ് സ്ഥിരീകരിച്ച യു.എസ് വക്താവ് ജോൺ കിർബി, കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അമേരിക്കയുമായി സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, യു.എസ് പൗരൻ വീണ്ടും അറസ്റ്റിലായത് റഷ്യ−യു.എസ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയേക്കുമെന്ന് വിലയിരുത്തലുണ്ട്. അമേരിക്കൻ മാധ്യമ പ്രവർത്തകനായ ഇവാൻ ഗെർഷ്കോവിച് ഉൾപ്പെടെ നിരവധിപ്പേരെയാണ് നേരത്തെ ചാരവൃത്തി ആരോപിച്ച് റഷ്യ അറസ്റ്റു ചെയ്തത്. ഇവരിൽ ചിലർക്ക് ജയിൽശിക്ഷ വിധിച്ചതിനെതിരെ യു.എസ് രംഗത്തുവന്നിരുന്നു.
asdsd