കൊളംബിയ യൂനിവേഴ്സിറ്റിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയവർക്ക് സസ്‍പെൻഷൻ
കൊളംബിയ യൂനിവേഴ്സിറ്റിയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയവർക്ക് സസ്‍പെൻഷൻ. തിങ്കളാഴ്ച മുതലാണ് വിദ്യാർഥികളെ സസ്‍പെൻഡ് ചെയ്യുന്നതിന് യൂനിവേഴ്സിറ്റി തുടക്കമിട്ടത്. യൂനിവേഴ്സിറ്റി കാമ്പസിനുള്ളിലെ ടെന്റുകൾ നീക്കാൻ വിദ്യാർഥികൾ വിസമ്മതിച്ചതോടെയാണ് നടപടി തുടങ്ങിയത്. വിദ്യാർഥി സംഘടനകളും അക്കാദമിക് ലീഡേഴ്സും തമ്മിൽ ടെന്റുകൾ നീക്കുന്നത് സംബന്ധിച്ച് ദിവസങ്ങൾ ചർച്ച നടത്തിയെങ്കിലും ഇതിൽ തീരുമാനമായില്ലെന്ന് യൂനിവേഴ്സിറ്റി പ്രസിഡന്റ് നെമത് മിനോഷെ ഷാഫിക് പ്രസ്താവനയിൽ പറഞ്ഞു.ഗസ്സയിലെ ഇസ്രായേൽ അധിനിവേശത്തിനെതിരായ പ്രതിഷേധങ്ങളുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു കൊളംബിയ യൂനിവേഴ്സിറ്റി.
യു.എസിൽ കഴിഞ്ഞ ഏതാനം ആഴ്ചകളായി ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ യൂനിവേഴ്സിറ്റികളിൽ നിന്നും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ടെക്സാസ്, ഓസ്റ്റിൻ യൂനിവേഴ്സിറ്റികളിൽ പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങാത്ത വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാവുമെന്ന് കൊളംബിയ യൂനിവേഴ്സിറ്റി അറിയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് യൂനിവേഴ്സിറ്റിയുടെ മുന്നറിയിപ്പ് വന്നത്. ഇത് അവഗണിക്കുന്നവർക്കെതിരെ സസ്‍പെൻഷൻ അടക്കമുള്ള നടപടികൾ ഉണ്ടാവുമെന്നും യൂനിവേഴ്സിറ്റി വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിഷേധം അവസാനിപ്പിച്ച് മടങ്ങാൻ വിദ്യാർഥികൾ തയാറായില്ല. ഇതിന് പിന്നാലെ വിദ്യാർഥികളെ സസ്‍പെൻഡ് ചെയ്യുന്ന നടപടികൾക്ക് തുടക്കം കുറിച്ചതായി യൂനിവേഴ്സിറ്റി വക്താവ് അറിയിച്ചു.
azcaf