ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് സംശയിച്ച് അമേരിക്ക
അമേരിക്ക വിതരണം ചെയ്ത ആയുധങ്ങള്‍ ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായാണോ ഉപയോഗിക്കുന്നത് എന്നത് സംബന്ധിച്ച് യു എസ് ആഭ്യന്തര വകുപ്പിന് ചില സംശയങ്ങളുള്ളതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നതായി സംശയമുണ്ടെന്ന് യു എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉന്നതര്‍ യു എസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിസായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്ക വിതരണം ചെയ്യുന്ന ആയുധങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഇസ്രയേല്‍ അമേരിക്കന്‍ നിയമങ്ങളോ അന്ത്രാഷ്ട്ര നിയമങ്ങളോ ലംഘിക്കുന്നില്ലെന്ന് പരിശോധിച്ച് മെയ് എട്ടിനകം യു എസ് കോണ്‍ഗ്രസിന് മുന്നില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ദേശീയ സുരക്ഷാ മെമ്മോറാണ്ടത്തിലൂടെ ജോ ബൈഡന്‍ ബ്ലിങ്കനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഗസ്സയില്‍ തുടരുന്ന യുദ്ധത്തില്‍ ഇസ്രയേല്‍ അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ ലംഘിച്ചതായി ഡെമോക്രസി ഹ്യൂമന്‍ റൈറ്റ്‌സ് & ലേബര്‍, ഗ്ലോബല്‍ ക്രിമിനല്‍ ജസ്റ്റിസ്, ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ അഫയേഴ്‌സ്, പോപ്പുലേഷന്‍ റെഫ്യൂജി മൈഗ്രേഷന്‍ എന്നിങ്ങനെ അമേരിക്കന്‍ ആഭ്യന്തരവകുപ്പിലെ നാല് ബ്യൂറോകള്‍ സംയുക്തമായി അറിയിച്ചിരുന്നു.
സംരക്ഷിത മേഖലകളിലേക്കും സാധാരണക്കാരുടെ കെട്ടിടങ്ങളിലേക്കും ആവര്‍ത്തിച്ച് ആക്രമണം നടത്താന്‍ ഇസ്രേയേല്‍ ആയുധങ്ങള്‍ ഉപയോഗിച്ചെന്നാണ് നാല് ബ്യൂറോകളും ചൂണ്ടിക്കാട്ടുന്നത്. സാധാരണ ജനങ്ങളും കുഞ്ഞുങ്ങളും മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും യുദ്ധമുഖത്തെ സന്നദ്ധ പ്രവര്‍ത്തകരും വലിയ തോതില്‍ വധിക്കപ്പെട്ടെന്നും നാല് ബ്യൂറോകളും സംയുക്തമായി ചൂണ്ടിക്കാട്ടി.
fgrddfdf