ചൈനയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു
ചൈനയുടെ തെക്കൻ പ്രവിശ്യയായ ഗ്വാങ്ഡോങ്ങിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചു. കനത്ത കാറ്റും മഴയും ശമിക്കുന്നതിന്റെ ലക്ഷണം കാണാത്തതിനാൽ ജാഗ്രത തുടരണമെന്ന് ഭരണകൂടം ജനങ്ങളോട് അഭ്യർഥിച്ചു. പ്രവിശ്യയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽപ്പെട്ട് നാല് പേർ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്വാങ്ഡോങ്ങിലെ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കനത്ത മഴ തുടർന്നാൽ നൂറ്റാണ്ടിലൊരിക്കൽ മാത്രം കാണുംവിധമുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗ്വാങ്ഡോങ്ങിൽ നിന്നുള്ള ദൃശ്യങ്ങളിലുടനീളം കാണാനാകുന്നത് വെള്ളപ്പൊക്കം ബാധിച്ച നഗരങ്ങളും, കൃഷിസ്ഥലങ്ങളും തകർന്നു വീണ പാലങ്ങളും വാഹനങ്ങൾ ഒലിച്ചു പോകുന്നതുമൊക്കെയാണ്.
പ്രവിശ്യാ തലസ്ഥാനമായ ഗ്വാങ്ഷുവിൽ ഈ മാസം ഇതുവരെ 609 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. 1959തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ അളവാണിത്. ഉൽപാദന കേന്ദ്രവും രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നുമായ പേൾ റിവർ ഡെൽറ്റ പ്രദേശത്ത് ഒരാഴ്ചയോളമായി വെള്ളപ്പൊക്കം തുടരുകയാണ്. 12.7 കോടി ആളുകൾ താമസിക്കുന്ന ഈ പ്രദേശത്ത് സാധാരണയായി സെപ്റ്റംബറിൽ കനത്ത മഴ ലഭിക്കാറുണ്ട്. സമീപ വർഷങ്ങളേക്കാൾ കൂടുതൽ തീവ്രമായ മഴയും കാറ്റും വെള്ളപ്പൊക്കവുമാണ് പ്രദേശത്ത് ഇക്കൊല്ലം ഉള്ളത്. മഴ കനക്കുന്നതിനാൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ പോലെയുള്ള ദുരന്തങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കാനും അധികൃതർ നിർദേശം നൽകി.
cvv