സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് ജപ്പാനിൽ ഒരു മരണം; ഏഴ് പേരെ കാണാതായി
രണ്ട് സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ജപ്പാനിൽ ഒരു മരണം. ഏഴ് പേരെ കാണാതായതായും അധികൃതർ അറിയിച്ചു. ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്‌സിൻ്റെ (എസ്‌ഡിഎഫ്) വക്താവാണ് സംഭവം സ്ഥിരീകരിച്ചത്. ആദ്യം ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ടോറിഷിമ ദ്വീപിന് സമീപം രാത്രി 10:38 ന് ഒരു ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടമായി. ഒരു മിനിറ്റിനു ശേഷം ഈ ഹെലികോപ്റ്ററിൽ നിന്ന് അടിയന്തര സിഗ്നൽ ലഭിച്ചു.
ഏകദേശം 25 മിനിറ്റിനുശേഷം, രാത്രി 11.04ഓടെ, രണ്ടാമത്തെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയവും അതേ പ്രദേശത്ത് നഷ്ടപ്പെടുകയായിരുന്നു. രണ്ട് ഹെലികോപ്റ്ററുകളും തകർന്നതായാണ് നിഗമനമെന്ന് പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു. കൂട്ടിയിടിയുടെ കാരണം സംബന്ധിച്ച് വ്യക്തതയില്ല. ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്നവരെ കണ്ടെത്തി അവരുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ഹെലികോപ്റ്ററുകൾ അന്തർവാഹിനികളെ നേരിടാനുള്ള പരിശീലനം രാത്രിയിൽ നടത്തുന്നുണ്ട്. ഇതിനിടെയാണ് അപകടമുണ്ടായത്. ഫ്ലൈറ്റ് റെക്കോർഡറുകൾ വീണ്ടെടുത്തതായും ഹെലികോപ്റ്ററുകൾ കൂട്ടിയിടിക്കാനുള്ള സാധ്യത ഉൾപ്പെടെ പരിശോധിക്കുകയാണെന്നും മിനോരു കിഹാര കൂട്ടിച്ചേർത്തു.
cghbcgngvdfgdfg