ഫിലിപ്പീൻസിൽ 1.8 ടൺ മയക്കുമരുന്ന് പിടികൂടി
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട നടത്തി ഫിലിപ്പീൻസ് നാഷണൽ പൊലീസ്. വാനിൽ കടത്താൻ ശ്രമിച്ച 1.8 ടൺ ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ പൊലീസ് പിടിച്ചെടുത്തെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാന്റ് മാർക്കോസ് അറിയിച്ചു. തിങ്കളാഴ്ച മനിലയുടെ തെക്ക് ബറ്റാംഗാസ് പ്രവിശ്യയിൽ നടത്തിയ പരിശോധനയിലാണ് 230 മില്യൺ ഡോളറിലധികം (20,000 കോടിയോളം ഇന്ത്യൻ രൂപ) വിലമതിക്കുന്ന അനധികൃത മയക്കുമരുന്ന് പൊലീസ് കണ്ടെത്തിയത്. ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഫിലിപ്പീൻസിൽ ഇതുവരെ നടന്ന ഏറ്റവും വലിയ ഷാബു വേട്ടയാണിതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മയക്കുമരുന്നിന്റെ ഉറവിടം പോലീസ് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. കുറഞ്ഞവിലയിൽ ലഭിക്കുന്നതും വളരെയധികം അഡിക്ഷനുള്ളതുമായ ക്രിസ്റ്റൽ മെത്ത്, ഷാബു എന്ന പേരിൽ ഫിലിപ്പീൻസിൽ ഏറെ പ്രചാരമുള്ള ലഹരിയാണ്. തിങ്കളാഴ്ച പിടിച്ചെടുത്ത മയക്കുമരുന്ന് പ്രാദേശികമായി നിർമ്മിച്ചതല്ലെന്നും ഇറക്കുമതി ചെയ്തതാണെന്നും ഫെർഡിനാന്റ് മാർക്കോസ് പറഞ്ഞു. പൊലീസ് വളരെ തന്ത്രപരമായാണ് ഓപ്പറേഷൻ നടത്തിയിട്ടുള്ളതെന്നും വെടിവയ്പ്പോ ആൾനാശമോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്നു വേട്ടയുടെ പേരിൽ അന്താരാഷ്ട്ര തലത്തിൽ തന്നെ വിമർശന വിധേയമായിട്ടുള്ള രാജ്യമാണ് ഫിലിപ്പീൻസ്. മുൻ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ടിന്റെ കീഴിൽ നടന്ന മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനുകളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതിനു പിന്നാലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണമടക്കം നേരിട്ടു.
കുറ്റക്കാരെ വെടിവച്ചു കൊല്ലുന്നതിനപ്പുറത്ത് പ്രതിരോധത്തിനും പുനരധിവാസത്തിനുമാണ് കൂടുതൽ ഊന്നൽ നൽകുന്നതെന്നാണ് നിലവിലെ പ്രസിഡന്റ് ഫെർഡിനാന്റ് മാർക്കോസ് പറയുന്നത്. എന്നാൽ അദ്ദേഹത്തിനു കീഴിലും പൊലീസും മയക്കുമരുന്ന് കടത്തുകാരും തമ്മിലുള്ള സംഘർഷങ്ങൾ തുടർക്കഥയാകുകയാണ്. 2022 ജൂണിൽ അദ്ദേഹം അധികാരത്തിൽ വന്നതിനുശേഷം ഇത്തരത്തിൽ 600ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഫിലിപ്പീൻസ് സർവകലാശാലയുടെ പിന്തുണയുള്ള ഗവേഷണ പദ്ധതിയായ ദഹാസ് സമാഹരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. രക്തരൂക്ഷിതമായ അടിച്ചമർത്തലിനുള്ള ഡ്യൂട്ടേർട്ടിന്റെ ഉത്തരവുകൾ റദ്ദാക്കി മയക്കുമരുന്ന് നയം പരിഷ്ക്കരിക്കാനാണ് രാജ്യത്തിനകത്തും പുറത്തുമുള്ള മനുഷ്യവകാശ പ്രവർത്തകർ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്.
sdfsfsf