മൊസാംബിക്കിൽ കടത്തുബോട്ട് മറിഞ്ഞ് 96 മരണം
മൊസാംബിക്കിൽ കടത്തുബോട്ട് മറിഞ്ഞ് കുട്ടികൾ ഉൾപ്പെടെ 96 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഞായറാഴ്ച മൊസാംബിക്കിന്‍റെ വടക്കൻ തീരത്തായിരുന്നു അപകടം. അനുവദനീയമായതിലും കൂടുതൽ ആളുകൾ കയറിയതോടെ താത്കാലിക ബോട്ട് മറിയുകയായിരുന്നു. ബോട്ടിൽ 130 പേരാണുണ്ടായിരുന്നത്. അഞ്ചു പേരെ രക്ഷപ്പെടുത്തി. നപുംല പ്രവിശ്യയിലെ ദ്വീപിനും ലുംഗയ്ക്കും ഇടയിൽ സർവീസ് നടത്തുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കാണാതായവർക്കായുള്ള തെരച്ചിൽ തിങ്കളാഴ്ചയും തുടരുകയാണ്. കോളറ പൊട്ടിപ്പുറപ്പെട്ട ലുംഗയിൽനിന്നു മൊസാംബിക് ദ്വീപിലേക്ക് പലായനം ചെയ്യുന്നവരായിരുന്നു ബോട്ടിലെ ഭൂരിപക്ഷം യാത്രക്കാരും.
കോളറ പടർന്നതായ വിവരം പുറത്തുവന്നതോടെ പ്രദേശത്തുനിന്ന് ആളുകള്‍ ഒഴിഞ്ഞുപോകുന്നതിനിടെയായിരുന്നു അപകടം. മത്സ്യബന്ധന വള്ളം യാത്രയ്ക്കായി ഉപയോഗിക്കുകയായിരുന്നു. മൊസാംബിക്കിലും അയൽരാജ്യങ്ങളായ സിംബാബ്‌വെയിലും മലാവിയിലും കോളറ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. ഇത് നിയന്ത്രിക്കാൻ അധികാരികൾ പരിശ്രമിച്ചുവരികയാണ്. മൊസാംബിക്കിലെ പല പ്രദേശങ്ങളിലും ബോട്ടുകളിൽ മാത്രമേ എത്തിച്ചേരാനാകൂ.
ോ്ിേ