ലിംഗമാറ്റ ശസ്ത്രക്രിയയും വാടക ഗർഭധാരണവും മനുഷ്യന്റെ അന്തസ്സിന് ഭീഷണിയെന്ന് ഫ്രാൻസിസ് മാർപ്പാപ്പ
ലിംഗമാറ്റ ശസ്ത്രക്രിയയും വാടക ഗർഭധാരണവും മനുഷ്യന്റെ അന്തസ്സിന് ഭീഷണിയാണെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവന കത്തോലിക്ക സഭ പുറത്തിറക്കിയത്. ജനിക്കുന്ന സമയത്ത് ഉള്ള ലൈംഗിക സ്വത്വം ഒരു വ്യക്തിക്ക് ദൈവത്തിൽ നിന്നുള്ള മാറ്റാനാവാത്ത സമ്മാനമാണ്. ഏതു ലിംഗമാറ്റവും വ്യക്തിക്ക് ലഭിച്ച അതുല്യമായ അന്തസ്സിന് ഭീഷണിയാണ്. ദൈവം തന്ന ലൈംഗിക സ്വത്വം സ്വന്തം താൽപര്യത്തിനനുസരിച്ച് പുനർനിർണ്ണയിക്കുന്ന ആളുകൾ, പുരാതന കാലംമുതൽ സ്വയം ദൈവം ചമയാനുള്ള പ്രലോഭനത്തിന് വിധേയരാവുകയാണെന്നും രേഖയിൽ ചൂണ്ടിക്കാട്ടി.
വാടക ഗർഭധാരണത്തോടുള്ള എതിർപ്പും റോമൻ കത്തോലിക്കാ സഭ തുറന്നുപറഞ്ഞു. മറ്റുള്ളവർക്കുവേണ്ടി കുഞ്ഞിനെ ഗർഭം ചുമക്കുന്ന സ്ത്രീകൾ സ്വന്തം നേട്ടത്തിനോ മറ്റുള്ളവരുടെ ആഗ്രഹത്തിനോ കീഴടങ്ങുകയാണ്. ഇത് മനുഷ്യന്റെ അഭിമാനത്തെ ഹനിക്കും. ദരിദ്രർ, കുടിയേറ്റക്കാർ, സ്ത്രീകൾ, ദുർബലരായ ആളുകൾ എന്നിവരെ ചൂഷണം ചെയ്യുന്നതുൾപ്പെടെയുള്ള വിഷയങ്ങളും രേഖയിൽ ചൂണ്ടിക്കാട്ടി. മനുഷ്യജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെ ലംഘിക്കുന്ന നടപടികളെന്നാണ് ഗർഭച്ഛിദ്രം, ദയാവധം തുടങ്ങിയവയെ സഭ പ്രസ്താവനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
adad