പ്രധാനമന്ത്രി നെതന്യാഹുവിനെതിരേ ഇസ്രേലി ജനത പടുകൂറ്റൻ റാലികൾ നടത്തി
ഗാസാ യുദ്ധം ആറു മാസം പിന്നിട്ട ഇന്നലെ ഇസ്രേലി ജനത ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നെതന്യാഹുവിനെതിരേ രാജ്യമൊട്ടാകെ പടുകൂറ്റൻ റാലികൾ നടത്തി. പലസ്തീൻ ഭീകരരുടെ കസ്റ്റഡിയിലുണ്ടായിരുന്ന ഇലാദ് കാറ്റ്സിർ എന്ന ബന്ദിയുടെ മൃതദേഹം ശനിയാഴ്ച ഇസ്രേലി സേന കണ്ടെടുത്തതാണു ജനത്തെ പ്രകോപിപ്പിച്ചത്. ടെൽ അവീലെ റാലിയിൽ മാത്രം ഒരു ലക്ഷം പേർ പങ്കെടുത്തുവെന്നാണു റിപ്പോർട്ട്. ജറൂസലെം അടക്കമുള്ള മറ്റു നഗരങ്ങളിൽ അര ലക്ഷത്തിനടുത്തു പങ്കാളിത്തമുണ്ടായി. “തെരഞ്ഞെടുപ്പ് വേണം; ഇലാദ്, ഞങ്ങളോട് ക്ഷമിക്കൂ” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങി. ബന്ദിമോചനം വൈകുന്തോറും നെതന്യാഹുവിന്‍റെ രാജിക്കായി ഇസ്രയേലിൽ മുറവിളി ശക്തമാവുകയാണ്. ഇന്നലെ, ഗാസയിൽ കസ്റ്റഡിയിലുള്ള നൂറിലധികം ബന്ദികളുടെ ബന്ധുക്കൾക്കൊപ്പം സർക്കാർവിരുദ്ധ പ്രക്ഷോഭകരും അണിചേരുകയായിരുന്നു. ടെൽ അവീവിൽ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ചാണു പിരിച്ചുവിട്ടത്. ടെൽ അവീവിൽ പ്രതിഷേധക്കാർക്കിടയിലേക്കു കാർ ഇടിച്ചുകയറി അഞ്ചു പേർക്കു പരിക്കേറ്റു.
കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിനിടെ തട്ടിക്കൊണ്ടു പോകപ്പെട്ട ഇലാദ് കാറ്റ്സിറിന്‍റെ മൃതദേഹം ഗാസയിലെ ഖാൻ യൂനിസിൽനിന്നാണു കണ്ടെടുത്തത്. ഇസ്‌ലാമിക് ജിഹാദ് ഭീകരരുടെ കസ്റ്റഡിയിലാണ് ഇദ്ദേഹം മരിച്ചത്. ഇദ്ദേഹം ജീവനോടെയിരിക്കുന്ന വീഡിയോ ജനുവരിയിൽ പുറത്തുവന്നിരുന്നു. ഇസ്രേലി സർക്കാർ ബന്ദിമോചനത്തിനു ധാരണ ഉണ്ടാക്കിയിരുന്നെങ്കിൽ ഇലാദ് ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നു കുടുംബം കുറ്റപ്പെടുത്തി. ഇതിനിടെ, വെടിനിർത്തലിനായി ഈജിപ്ഷ്യൻ തലസ്ഥാനമായ കയ്റോയിൽ ഇന്നലെ വീണ്ടും ചർച്ച ആരംഭിച്ചതായാണു റിപ്പോർട്ട്. യുഎസ് ചാരസംഘടനയായ സിഐഎയുടെ ഡയറക്ടർ ബിൽ ബേൺസും ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽ താനിയും ഇസ്രയേൽ, ഹമാസ് പ്രതിനിധികളും പങ്കെടുത്തേക്കും.
asdad