ഗസ്സയിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ അമേരിക്കൻ നയത്തിൽ മാറ്റമുണ്ടാകുമെന്ന് ഇസ്രായേലിന് അമേരിക്കയുടെ മുന്നറിയിപ്പ്
ഗസ്സയിലെ വെടിനിർത്തലിൽ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. ഗസ്സയിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ അമേരിക്കൻ നയത്തിൽ മാറ്റമുണ്ടാകുമെന്ന് ഇസ്രായേലിന് അമേരിക്ക മുന്നറിയിപ്പ് നൽകി. ഗസ്സയിൽ സഹായമെത്തിക്കുന്ന മാനുഷിക പ്രവർത്തകർ കൊല്ലപ്പെട്ടതിന്റെ കൂടി പശ്ചാത്തലത്തിലാണ് അമേരിക്കയുടെ മുന്നറിയിപ്പ്. മാനുഷിക പ്രവർത്തകർ കൊല്ലപ്പെട്ട വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് മേൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ സമ്മർദമുണ്ടായിരുന്നു. ഇസ്രേയിലിനുള്ള ആയുധ സഹായം അമേരിക്ക നിർത്തിവയ്ക്കണമെന്ന് ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖർ ജോ ബൈഡനോട് ആവശ്യപ്പെടുന്ന നിലയുമുണ്ടായി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അരമണിക്കൂറോളം നേരം ടെലിഫോണിൽ സംസാരിച്ചാണ് ബൈഡൻ അമേരിക്കയുടെ നിലപാടറിയിച്ചത്.
ഗസ്സയിൽ അടിയന്തര വെടിനിർത്തലുണ്ടാകണം, ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള കരാറുകളിൽ അടിയന്തരമായി തീർപ്പുണ്ടാക്കണം, ഗസ്സയിൽ സഹായമെത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കണം, ഗസ്സയിലെ മാനുഷിക ദുരിതങ്ങൾ കുറയ്ക്കണം തുടങ്ങിയ കാര്യങ്ങളാണ് ബൈഡൻ ഇസ്രയേലിനോട് കടുപ്പിച്ച് പറഞ്ഞത്. ഗസ്സയിലെ പൗരന്മാരോടുള്ള സമീപനം മാറ്റിയില്ലെങ്കിൽ ഇസ്രയേൽ വിഷയത്തിലെ നയം അമേരിക്കയ്ക്ക് പുനപരിശോധിക്കേണ്ടി വരുമെന്നാണ് ബൈഡൻ നൽകിയ മുന്നറിയിപ്പ്. അതേസമയം പലസ്തീനിയൻ ഇസ്ലാമിക് ജിഹാദിൻ്റെ സായുധ വിഭാഗമായ ഖുദ്‌സ് ബ്രിഗേഡ്‌സ് ഗാസയിൽ നിന്ന് ഇസ്രായേലി നഗരങ്ങളിലേക്ക് വ്യോമാക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
sdfdsf