ആടുകളെക്കൊണ്ട് പൊറുതിമുട്ടി ഇറ്റാലിയൻ ദ്വീപായ അലിക്കുദി
ആടുകളെക്കൊണ്ട് പൊറുതിമുട്ടി ഇറ്റാലിയൻ ദ്വീപായ അലിക്കുദി. മനുഷ്യരുടെ എണ്ണത്തോട് തുലനം ചെയ്യാനാകാത്ത വിധം ആടുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരിക്കുന്നു. സാധാരണയേക്കാൾ ആറിരട്ടിയിലധികം വർധനവാണ് ഈ വർഷം ദ്വീപിലെ കാട്ടാടുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് പ്രാദേശിക ഭരണകൂടം പുറത്തുവിട്ടിരിക്കുന്ന കണക്കിൽ വ്യക്തമാക്കുന്നത്. പായ്‍വഞ്ചി യാത്രകൾ ഇഷ്ടപ്പെടുന്നവർക്കും അഗ്നിപർവതങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവർക്കും ഏറെ പ്രിയപ്പെട്ട ഒരു ടൂറിസ്റ്റ് സ്പോട്ടാണ് അലിക്കുദി. അടുത്തുള്ള സ്ട്രോംബോലി ദ്വീപിൽ നിരന്തരമായി നടക്കുന്ന അഗ്നിപർവത സ്ഫോടനങ്ങൾ ഇവിടെ നിന്നും കാണാൻ കഴിയും. ദ്വീപിൽ ഹോട്ടലുകളോ റോഡുകളോ ഇല്ല. മലകളും ക്ലിഫുകളും കൊണ്ട് നിറഞ്ഞ ഇവിടെ സഞ്ചാരത്തിനും ചരക്കു നീക്കത്തിനും ഇന്നും ആശ്രയിക്കുന്നത് കഴുതകളെയാണ്. 20 വർഷം മുൻപാണ് ദ്വീപിലേക്ക് ഒരു കർഷകൻ ആദ്യമായി ആടുകളെ എത്തിക്കുന്നത്. പിന്നീട് അദ്ദേഹം അവയെ കെട്ടിയിട്ട് വളർത്താതെ സ്വതന്ത്രമാക്കി വിട്ടു. വർഷങ്ങൾക്കകം ഈ കുഞ്ഞ് ദ്വീപിന്റെ ഏത് കോണിലും ആടുകളെ കണ്ടെത്താമെന്നായി. ദ്വീപിലെത്തുന്ന സഞ്ചാരികൾ എടുക്കുന്ന ചിത്രങ്ങളിലാകട്ടെ പോസ്റ്റ് കാർഡുകളിലാകട്ടെ ആട് തന്നെ മെയ്ൻ. പോകപ്പോകെ ആടുകൾ പെറ്റുപെരുകി ദ്വീപിന് ഉൾക്കൊള്ളാവുന്നതിലും അധികമായിരിക്കുന്നു.
ആടുകൾ ജനവാസ മേഖലകൾ കയ്യേറുകയും വീടുകളിൽ അതിക്രമിച്ച് കയറുകയും പൊതു പാർക്കുകൾ, സ്വകാര്യ പൂന്തോട്ടങ്ങൾ, വേലികൾ എന്നിവയിൽ നിന്ന് ചെടികളും മറ്റും തിന്നു നശിപ്പിക്കുകയും ചെയ്തതോടെ സംഗതി പ്രശ്നമായി. മതിലുകളിലും ഉയർന്ന സ്ഥലങ്ങളിലും വലിഞ്ഞു കയറി കല്ലുകളും മറ്റും ഉരുണ്ട് വീണ് അപകടങ്ങളും സാധാരണയായി. ഇതോടെ പ്രശ്നം പരിഹരിക്കുന്നതിനായി ദ്വീപിന് പുറത്ത് നിന്നുള്ളവരുടെ സഹായം തേടുകയാണ് പ്രാദേശിക ഭരണകൂടം.
ആടിനെ ദത്തെടുക്കുന്ന പുതിയ പദ്ധതി ദ്വീപിന്റെ മേയർ പ്രഖ്യാപിച്ചു. മൃഗങ്ങളെ കൊന്നൊടുക്കാൻ ദ്വീപ് ഭരണകൂടത്തിന് താല്പര്യമില്ലാത്തതിനാലാണ് ഇത്തരത്തിൽ ഒരു നീക്കം. ആടുകളെ പരിപാലിക്കാൻ അറിയുമോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല ഒരു ബോട്ടുമായി ദ്വീപിലെത്തുന്ന ആർക്കും ആടിനെ സൗജന്യമായി ദ്വീപിന് പുറത്തേക്ക് കൊണ്ട് പോകാം. ഒരാൾക്ക് അൻപത് ആടുകളെ വരെ കൊണ്ടു പോകാനാകും. പ്രാദേശിക ഭരണകൂടത്തിന് ഒരു അപേക്ഷ സമർപ്പിക്കണമെന്നു മാത്രം. ഏതായാലും അലിക്കുദിയിൽ ആടുകൾ പെരുകിയത് അയൽ ദ്വീപുകളിലെ കർഷകർക്ക് ശുഭ വാർത്തയായിരിക്കുകയാണ്. നിരവധി പേരാണ് ഇതിനകം അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ആടുകളെ സ്വന്തമാക്കുന്നയാൾ 15 ദിവസത്തിനകം അവയെ ദ്വീപിൽ നിന്ന് കൊണ്ടു പോകണം. ദ്വീപിലെത്തുന്ന സഞ്ചാരികളുടെ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യാൻ കുറച്ചെണ്ണത്തെ മാത്രം അവശേഷിപ്പിച്ച് ബാക്കി മുഴുവനെയും ദ്വീപിന് പുറത്താക്കും വരെ ഈ ഗീവ് എവേ തുടരും.
cfxfdh