ജർമനിയിലേക്ക് 20,000 കാട്ടാനകളെ അയയ്ക്കുമെന്ന ഭീഷണിയുമായി ബോട്സ്വാന പ്രസിഡന്‍റ്
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു പഠിപ്പിക്കാൻ വന്ന ജർമനിയിലേക്ക് 20,000 കാട്ടാനകളെ അയയ്ക്കുമെന്നു ബോട്സ്വാന പ്രസിഡന്‍റ് മോക്‌ഗ്വീറ്റ്സി മസീസി. പരിസ്ഥിതി സംരക്ഷണം മൂലം ആനകൾ പെരുകി ശല്യം സഹിക്കവയ്യാതായ പശ്ചാത്തലത്തിലാണ് ഈ ഭീഷണി. 1,30,000 ആഫ്രിക്കൻ ആനകളാണു ബോട്സ്വാനയിലുള്ളത്. രാജ്യത്തിന് ഉൾക്കൊള്ളാവുന്നതിനും വളരെക്കൂടുതലാണിത്. കാട്ടാനകൾ വൻതോതിൽ വിള നശിപ്പിക്കുകയും ജനങ്ങൾക്കു ശല്യമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. വിനോദത്തിനുവേണ്ടിയുള്ള വേട്ടയാടലിലൂടെയാണു കാട്ടാനകളുടെ എണ്ണം നിയന്ത്രിക്കുന്നത്. ബോട്സ്വാന ജനതയ്ക്ക് ഇതൊരു വരുമാനമാർഗവുമാണ്. പാശ്ചാത്യർ വേട്ടയാടി കൊല്ലുന്ന ആനകളുടെ കൊന്പും മറ്റു വസ്തുക്കളും തിരികെ കൊണ്ടുപോകാറുണ്ട്. യൂറോപ്യൻ രാജ്യങ്ങളിൽ ജർമനിയിലേക്കാണ് ഏറ്റവും കൂടുതൽ കയറ്റുമതി. ഈ സാഹചര്യത്തിൽ, വേട്ടയാടിക്കൊല്ലുന്ന മൃഗങ്ങളുടെ ഭാഗങ്ങൾ ഇറക്കുമതി ചെയ്യുന്നതു നിരോധിക്കണമെന്ന് ജർമൻ പരിസ്ഥിതി മന്ത്രാലയം ശിപാർശ ചെയ്തിരുന്നു.
നേരത്തെ ബോട്സ്വാന സർക്കാർ അയൽരാജ്യമായ അംഗോളയ്ക്ക് 8,000 ആനകളെ വെറുതേ നൽകിയിരുന്നു. മൊസാംബിക്കിനും നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജർമനിക്കും ഇതുപോലൊരു സമ്മാനം നൽകാമെന്നാണ് പ്രസിഡന്‍റ് മസീസി പറഞ്ഞത്. ‘ഞങ്ങളെ ഉപദേശിക്കുന്നതു പോലെ ജർമൻകാർ ഈ മൃഗങ്ങൾക്കൊപ്പം ഒന്നു ജീവിച്ചുനോക്കണം. ഇതൊരു തമാശയല്ല’ − അദ്ദേഹം കൂട്ടിച്ചേർത്തു.
േോ്ിേ്ി