വേൾഡ് സെൻട്രൽ കിച്ചണിന്‍റെ ഏഴു പ്രവർത്തകർ ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു


ഗാസയിൽ ഭക്ഷണവിതരണത്തിനു നേതൃത്വം നല്കുന്ന അന്താരാഷ്‌ട്ര ജീവകാരുണ്യ സംഘടനയായ വേൾഡ് സെൻട്രൽ കിച്ചണിന്‍റെ ഏഴു പ്രവർത്തകർ ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.  ഓസ്ട്രേലിയ, പോളണ്ട്, ബ്രിട്ടൻ, യുഎസ്−കാനഡ, പലസ്തീൻ പൗരന്മാരാണു മരിച്ചത്. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഗാസയിലെ പ്രവർത്തനം നിർത്തിവയ്ക്കുന്നതായി സംഘടന അറിയിച്ചു. ആക്രമണം മനഃപൂർവമായിരുന്നില്ലെന്ന് ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു. കപ്പൽവഴി എത്തിച്ച നൂറു ടൺ ഭക്ഷ്യവസ്തുക്കൾ സെൻട്രൽ ഗാസയിലെ ദെയിർ അൽ ബലാ ഗോഡൗണിൽ ഇറക്കി മടങ്ങുന്പോഴാണ് ഇവർ സഞ്ചരിച്ച മൂന്നു വാഹനങ്ങൾ ആക്രമിക്കപ്പെട്ടത്. വാഹനവ്യൂഹത്തിന്‍റെ സഞ്ചാരപഥം ഇസ്രേലി സേനയെ അറിയിച്ചിരുന്നതാണെന്നു വേൾഡ് സെൻട്രൽ കിച്ചൺ അറിയിച്ചു. സംഘടനയുടെ ലോഗോ പതിപ്പിച്ച ബുള്ളറ്റ്പ്രൂഫ് കവചം പ്രവർത്തകർ ധരിച്ചിരുന്നു. 

മണിക്കൂറുകൾ നീണ്ട ദുഷ്കരദൗത്യത്തിനൊടുവിൽ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പലസ്തീൻ റെഡ് ക്രസന്‍റ് അറിയിച്ചു. റാഫ അതിർത്തിവഴി ഈജിപ്തിലേക്കു കടത്തി സ്വദേശത്ത് എത്തിക്കാനാണു പദ്ധതി. നിരപരാധികൾ കൊല്ലപ്പെട്ട ആക്രമണം മനഃപൂർവമായിരുന്നില്ലെന്നു നെതന്യാഹു പറഞ്ഞു. യുദ്ധത്തിൽ ഇതു സംഭവിക്കുമെന്നും ഇനി ആവർത്തിക്കാതിരിക്കാൻ വേണ്ടതു ചെയ്യുമെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ദാരുണസംഭവത്തിനു വഴിവച്ച സാഹചര്യങ്ങൾ വ്യക്തമാകാനായി ഉന്നതതല അന്വേഷണം ആരംഭിച്ചതായി ഇസ്രേലി സേനാ വക്താവ് ഡാനിയൽ ഹാഗാരി അറിയിച്ചു. ഒക്‌ടോബറിൽ യുദ്ധമാരംഭിച്ചശേഷം ഗാസയിൽ നാലേകാൽക്കോടി ഭക്ഷണപ്പൊതികൾ വേൾഡ് സെൻട്രൽ കിച്ചൺ വിതരണം ചെയ്തിട്ടുണ്ട്. സൈപ്രസിൽനിന്നു കപ്പൽവഴി ഗാസയിൽ ഭക്ഷണമെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ സംഘടന പങ്കാളിയായിരുന്നു.

article-image

zdfdf

You might also like

Most Viewed