തോഷഖാന കേസ്; ഇംറാൻ ഖാന്റെ ശിക്ഷ പാകിസ്താൻ ഹൈകോടതി റദ്ദാക്കി
തോഷഖാന കേസിൽ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാനെ 14 വർഷം തടവിന് ശിക്ഷിച്ചിരുന്നത് പാകിസ്താൻ ഹൈകോടതി റദ്ദാക്കി. ഇംറാൻ ഖാന്റെ ഭാര്യയുടെ തടവു ശിക്ഷയും കോടതി റദ്ദാക്കിയിട്ടുണ്ട്. ശിക്ഷാവിധിക്കെതിരെ ഹരജികൾ ഈദ് അവധി കഴിഞ്ഞ് പരിഗണിക്കുമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് ആമിർ ഫാറൂഖ് അറിയിച്ചു.14 വർഷം തടവിനാണ് ഇംറാനെയും ഭാര്യയെയും ഇസ്ലാമാബാദിലെ അഴിമതി വിരുദ്ധ കോടതി ശിക്ഷിച്ചിരുന്നത്. പാകിസ്താനിൽ 1974ലാണ് ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് വിലകൂടിയ വസ്തുക്കളും സംഭരിക്കാൻ തോഷഖാന വകുപ്പ് സ്ഥാപിച്ചത്. നിയമം ബാധകമാകുന്ന ആളുകൾ ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് സാമഗ്രികളും കാബിനറ്റ് ഡിവിഷനിൽ അറിയിക്കേണ്ടത് നിർബന്ധമാണ്.
ഒപ്പം അവർക്ക് ലഭിക്കുന്ന സമ്മാനങ്ങളും വസ്തുക്കളും തോഷഖാനയിൽ ഏൽപ്പിക്കുകയും വേണം. ഇതിൽ ഇളവുള്ളത് പാക് പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മാത്രമാണ്. 30,000 പാകിസ്താനി രൂപയ്ക്ക് താഴെ വിലയുള്ള സമ്മാനങ്ങൾ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സൂക്ഷിക്കാന്‍ കഴിയും. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച വിലകൂടിയ സമ്മാനങ്ങൾ വിറ്റ് പണമാക്കി എന്നതാണ് ഇംറാന്റെ പേരിലുള്ള കേസ്. 2022 ആഗസ്റ്റിൽ മുഹ്‌സിൻ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും പാക് സർക്കാരിലെ ചിലരും ചേർന്നാണ് ഇംറാനെതിരേ കേസ് നൽകിയത്.
afrfsdf