യുക്രെയ്നിലെ വൈദ്യുതി വിതരണ സംവിധാനങ്ങൾ തകിടം മറിച്ച് റഷ്യൻ സേന
യുക്രെയ്നിലെ വൈദ്യുതി വിതരണ സംവിധാനങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ സേന വൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. യുക്രെയ്നിലെ പത്തു ലക്ഷത്തിലധികം പേർക്ക് വൈദ്യുതി ഇല്ലാതായെന്നാണു റിപ്പോർട്ട്. രണ്ടു പേർ മരിക്കുകയും 14 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മൂന്നു പേരെ കാണാതായിട്ടുണ്ട്. 90 മിസൈലുകളും 60 ഡ്രോണുകളുമാണു റഷ്യ പ്രയോഗിച്ചതെന്നു യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി പറഞ്ഞു. യുക്രെയ്നിലെ പ്രധാന വൈദ്യുത ഗ്രിഡുകളാണ് ആക്രമിക്കപ്പെട്ടത്. വലിയ ഖാർകീവ്, ഒഡേസ എന്നിവ ഉൾപ്പെടെ യുക്രെയ്ന്‍റെ ഒട്ടുമിക്ക ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടിട്ടുണ്ട്. യുക്രെയ്നിലെ ഏറ്റവും വലിയ അണക്കെട്ടും ആക്രമണം നേരിട്ടു. സാപ്പോറിഷ്യയിലുള്ള ഈ അണക്കെട്ടിൽ തീപിടിത്തമുണ്ടായി. ഇതിനു മുകളിലൂടെയുള്ള വാഹനഗതാഗതം നിർത്തിവച്ചു. സാപ്പോറിഷ്യയിലെ അണുശക്തി നിലയത്തിലേക്കു വൈദ്യുതി നല്കുന്ന ലൈനുകളിലൊന്ന് ആക്രമണത്തിൽ തകർന്നു.
യൂറോപ്പിലെ ഏറ്റവും വലിയ അണുശക്തി നിലയമായ ഇത് യുദ്ധത്തിന്‍റെ തുടക്കത്തിൽത്തന്നെ റഷ്യ പിടിച്ചെടുത്തതാണ്. പക്ഷേ, റിയാക്ടറുകൾ തണുപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കു വൈദ്യുതി ലഭിക്കുന്നത് യുക്രെയ്നിൽനിന്നാണ്. രണ്ടു വർഷം പിന്നിട്ട യുദ്ധത്തിൽ യുക്രെയ്ന്‍റെ ഊർജമേഖലയെ ലക്ഷ്യമിട്ട് റഷ്യ നടത്തുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. കഴിഞ്ഞദിവസം തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 14 പേർക്കു പരിക്കേറ്റിരുന്നു. യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നല്കാൻ സുഹൃത്തുക്കൾ തയാറാകണമെന്ന് പ്രസിഡന്‍റ് സെലൻസ്കി ആവശ്യപ്പെട്ടു. വ്യോമപ്രതിരോധ സംവിധാനങ്ങളും മറ്റ് ആയുധങ്ങളും നല്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് യൂറോപ്യൻ യൂണിയൻ നേതാക്കളെ വീഡിയോ ലിങ്കിലൂടെ അഭിസംബോധന ചെയ്ത അദ്ദേഹം പറഞ്ഞു.
xzcvxv