ഗാസയിൽ ഉടൻ വെടിനിർത്തൽ; യുഎസ് അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്ത് റഷ്യയും ചൈനയും


ഗാസയിൽ ഉടൻ വെടിനിർത്തലാവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ യുഎസ് അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടു. സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും വോട്ടെടുപ്പിൽ വീറ്റോ പ്രയോഗിക്കുകയായിരുന്നു. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് മുന്പ് യുഎൻ രക്ഷാസമിതിയിലെത്തിയ പ്രമേയങ്ങളെല്ലാം യുഎസ് വീറ്റോ ചെയ്യുകയാണുണ്ടായിട്ടുള്ളത്. ഗാസയെ ഭൂമിയിൽനിന്നു തുടച്ചുനീക്കിയശേഷം വെടിനിർത്തലാവശ്യപ്പെടുന്ന യുഎസ് പ്രമേയം പ്രഹസനമാണെന്ന് റഷ്യയുടെ യുഎൻ അംബാസഡർ വാസിലി നെബൻസ്യ ആരോപിച്ചു. യുഎന്നിൽ പുതിയ വെടിനിർത്തൽ പ്രമേയത്തിനു ഫ്രാൻസ് മുൻകൈ എടുക്കുമെന്ന് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു. ഇതിനിടെ, വെടിനിർത്തൽ ചർച്ചകൾക്കായി പശ്ചിമേഷ്യ സന്ദർശിക്കുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇന്നലെ ഇസ്രയേലിലെത്തി. ഖത്തറിലും വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്. പലസ്തീൻ മരണസംഖ്യ 32,000ത്തോട് അടുക്കുന്ന പശ്ചാത്തലത്തിൽ യുദ്ധം നിർത്തിവയ്ക്കാനായി ഇസ്രയേലിനുമേൽ അന്താരാഷ്‌ട്ര സമ്മർദം ശക്തമാണ്. ഉറ്റസുഹൃത്തായ യുഎസ് പലതവണ ഇസ്രയേലിനു മുന്നറിയിപ്പു നല്കിക്കഴിഞ്ഞു. എന്നാൽ പലസ്തീനികൾ തിങ്ങിക്കൂടിയിരിക്കുന്ന തെക്കൻ ഗാസയിലെ റാഫായിൽ ആക്രമണം നടത്തുന്നതിൽനിന്നു പിന്നോട്ടില്ലെന്നാണ് ഇസ്രയേലിന്‍റെ നിലപാട്. ഇസ്രേലി സേന വടക്കൻ ഗാസയിലെ അൽഷിഫ ആശുപത്രിയിലും റെയ്ഡ് തുടരുന്നുണ്ട്. 

ഇവിടെ 150ലധികം തീവ്രവാദികളെ വധിച്ചുവെന്നാണ് സേന അവകാശപ്പെടുന്നത്. നൂറുകണക്കിനു പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. അതേസമയം, ആശുപത്രിയിൽ അഭയം തേടിയ സാധാരണ ജനങ്ങളെയാണ് ഇസ്രേലി സേന ആക്രമിക്കുന്നതെന്നു ഹമാസ് ഭീകരർ പറഞ്ഞു. യുദ്ധാരംഭത്തിൽ അൽഷിഫയുടെ നിയന്ത്രണം ഇസ്രേലി സേന പിടിച്ചിരുന്നതാണ്. മാസങ്ങൾക്കുശേഷം ഹമാസ് ഭീകരർ ഇവിടം താവളമാക്കിയത്, ഗാസ യുദ്ധത്തിൽ ഇസ്രേലി സേനയ്ക്കു വ്യക്തമായ പദ്ധതിയില്ലാത്തതിന്‍റെ തെളിവാണെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. യുഎസിനു പുറമേ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ തുടങ്ങയവരും ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് അടുത്ത ദിവസങ്ങളിൽ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. സൗദി, ഈജിപ്ത് രാജ്യങ്ങൾ സന്ദർശിച്ചു ചർച്ച നടത്തിയശേഷമാണു ബ്ലിങ്കൻ ഇസ്രയേലിലെത്തിയിരിക്കുന്നത്. ഗാസ യുദ്ധം തുടങ്ങിയശേഷം ബ്ലിങ്കന്‍റെ ആറാമതു പശ്ചിമേഷ്യാ സന്ദർശനമാണിത്. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ മൊസാദ് മേധാവി ഡേവിഡ് ബാർണിയ, സിഐഎ മേധാവി വില്യം ബേൺസ്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽതാനി, ഈജിപ്ഷ്യൻ ഇന്‍റലിജൻസ് മേധാവി അബ്ബാസ് കെമാൽ എന്നിവരാണു പങ്കെടുക്കുന്നത്.

article-image

sdf

You might also like

Most Viewed