നടി കാര ഡെലിവിംഗ്‌നെയുടെ 58 കോടി മൂല്യമുള്ള വീട് അഗ്നിക്കിരയായി

പ്രശസ്ത ഇംഗ്ലീഷ് മോഡലും നടിയുമായ കാര ഡെലിവിംഗ്‌നെയുടെ 58 കോടി മൂല്യമുള്ള വീട് തീപിടിത്തത്തിൽ കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് ലോസ് ഏഞ്ചൽസിലെ സ്റ്റുഡിയോ സിറ്റിയിലുള്ള വീട് അഗ്നിക്കിരയായത്. പുലർച്ചെ 3:52ഓടെയാണ് തീപിടിത്തമുണ്ടായത്. രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു അഗ്നിശമന സേനാംഗത്തിന് പൊള്ളലേറ്റതായും മറ്റൊരാൾക്ക് പുക ശ്വസിച്ചതുമൂലം അസ്വസ്ഥതയുണ്ടാതായും ലോസ് ഏഞ്ചൽസ് ഫയർ ഡിപ്പാർട്ട്‌മെൻ്റ് വക്താവ് നിക്കോളാസ് പ്രാഞ്ച് പറഞ്ഞു. നൂറോളം വരുന്ന അഗ്നിശമന സേനാംഗങ്ങൾ രണ്ടു മണിക്കൂറ്‍ സമയമെടുത്താണ് തീയണച്ചത്.
സംഭവം നടക്കുമ്പോൾ കാര സ്ഥലത്തുണ്ടായിരുന്നില്ല. നിലവിൽ യുകെയിലാണ് താരം. രണ്ട് നിലകളുള്ള വീടിന്‍റെ മേൽക്കൂര പൂർണമായും തകർന്നു. 2019ലാണ് കാര ഈ ആഡംബര ഭവനം വാങ്ങുന്നത്. തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും 8000 ചതുരശ്ര അടി വിസ്തൃതിയുള്ള ആഡംബര മാളികയുടെ പിൻഭാഗത്തെ മുറികളിലൊന്നിലാണ് തീപിടിത്തമുണ്ടായതെന്നാണ് നിഗമനം.
ോേ്ോ്