ഫലസ്തീനിലെ ജെറികോ നഗരത്തിലെ തെരുവിന് യു.എസ് സൈനികന്‍ ആരോണ്‍ ബുഷ്നെലിന്റെ പേര്

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെറികോ നഗരത്തിലെ തെരുവിന് വംശഹത്യയിൽ പ്രതിഷേധിച്ച് സ്വയം തീകൊളുത്തി മരിച്ച യു.എസ് സൈനികന്‍ ആരോണ്‍ ബുഷ്നെലിന്റെ പേർ നൽകി. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പേർ നൽകിയത്. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യയിൽ പ്രതിഷേധിച്ചാണ് വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ ആരോണ്‍ ബുഷ്നെൽ സ്വയം തീകൊളുത്തിയത്. 25 വയസ്സുള്ള ബുഷ്നെൽ ഇസ്രായേലി എംബസിക്ക് മുന്നിൽ സൈനിക യൂനിഫോമിലെത്തിയാണ് ആത്മഹത്യ ചെയ്തത്. തെരുവിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങിൽ ജെറികോ മേയർ അബ്ദുൾ കരിം സിദിർ ആരോണ്‍ ബുഷ്നെലിനെ അനുസ്മരിച്ചു. ‘ഞങ്ങൾക്ക് അദ്ദേഹത്തേയോ അദ്ദേഹത്തിന് ഞങ്ങളെയോ അറിയില്ല. ഞങ്ങൾക്കിടയിൽ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ബന്ധങ്ങളുണ്ടായിരുന്നില്ല. എന്നാൽ ഗസ്സക്ക് നേർക്കുള്ള ക്രൂരതക്കെതിരെയും സ്വാതന്ത്ര്യത്തിനായും ഞങ്ങൾ ഒരുമിച്ചുനിന്നു’ വെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ സ്വതന്ത്ര്യം ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്ത ആരോണ്‍ ഈ വംശഹത്യയിൽ തനിക്ക് പങ്കില്ലെന്നും പങ്കാളിയാവുകയില്ലെന്നും പറഞ്ഞ ശേഷമായിരുന്നു തീകൊളുത്തിയത്. ശരീരമാസകലം തീ ആളിപ്പടരുമ്പോഴും ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ എന്ന് അരോണ്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതകളിൽ ആരോണ്‍ കടുത്ത മാനസിക പ്രയാസം നേരിട്ടിരുന്നു. ആരോണിന്റെ മരണത്തിൽ യു.എസിന് പങ്കുണ്ടെന്ന് ആരോപിച്ച് വലിയ പ്രതിഷേധവും അരങ്ങേറിയിരുന്നു. അതേസമയം ആരോണ്‍ ബുഷ്നെലിന്റെ മരണത്തിൽ ഹമാസ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഫലസ്തീന്‍ ജനതയുടെയും ലോകത്തിലെ സ്വതന്ത്രരായ ജനങ്ങളുടെയും ഓർമയിൽ അനശ്വരനായി തുടരുമെന്നായിരുന്നു ഹമാസിന്റെ സന്ദേശം.
asfsfsff