തടികൊണ്ട് നിർമിച്ച ലോകത്തെ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ജപ്പാൻ
തടികൊണ്ട് നിർമിച്ച ലോകത്തെ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ജപ്പാൻ. ’ലിഗ്നോസാറ്റ് പ്രോബ്’ എന്നാണ് പുതിയ ഉപഗ്രഹം അറിയപ്പെടുന്നത്. അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിന്റെ (ഐ എസ് എസ്) പഠനങ്ങളിൽ വ്യക്തമാക്കുന്ന കരുത്തുറ്റതും വിള്ളലുകളെ പ്രതിരോധിക്കുന്നതുമായ മഗ്നോളിയ തടികൊണ്ടാണ് ഉപഗ്രഹം നിർമിച്ചിരിക്കുന്നത്. യു എസിന്റെ റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുന്നതെന്നാണ് വിവരം. നിലവിൽ എല്ലാ ഉപഗ്രഹങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ലോഹങ്ങളാണ്. ഇതിന് പകരമായി പരിസ്ഥിതി സൗഹൃദമായ മരം പോലെയുള്ള ജൈവ വിഘടന വസ്തുക്കൾ ഉപഗ്രഹ നിർമാണത്തിനായി ഉപയോഗിക്കാനുള്ള നീക്കത്തിന്റെ പരീക്ഷണം എന്ന നിലയിലാണ് ലിഗ്‌നോസാറ്റ് പ്രോബ് വിക്ഷേപിക്കുന്നത്. ക്യോട്ടോ സർവകലാശാലയിലെ ഗവേഷകരും നിർമാണ കമ്പനിയായ സുമിട്ടോമോ ഫോറസ്‌ട്രിയും ചേർന്നാണ് ഉപഗ്രഹം നിർമിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് തിരികെ പ്രവേശിക്കുന്ന എല്ലാ സാറ്റലൈറ്റുകളും കത്തുന്നതിന്റെ ഫലമായി ചില സൂക്ഷ്മ കണങ്ങൾ ഉയർന്ന അന്തരീക്ഷത്തിൽ കാലങ്ങളോളം ഒഴുകി നടക്കുന്നുവെന്ന് ജാപ്പനീസ് ബഹിരാകാശ സഞ്ചാരിയായ തകാവോ ഡോയ് വ്യക്തമാക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് ജാപ്പനീസ് ശാസ്‌ത്രജ്ഞർ തടികൊണ്ടുള്ള ഉപഗ്രഹം നിർമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അന്തരീക്ഷത്തിനോട് സാമ്യമായ സജ്ജീകരണങ്ങൾ ഒരുക്കി ലാബുകളിൽ നടത്തിയ പരീക്ഷണത്തിൽ തടികൊണ്ടുള്ള സാറ്റലൈറ്റ് സാമ്പിളുകളിൽ കേടുപാടുകളോ ഭാരവ്യതിയാനങ്ങളോ സംഭവിച്ചില്ലെന്ന് കണ്ടെത്തി. പിന്നീട് ഈ സാമ്പിളുകൾ ഐ എസ് എസിലേയ്ക്ക് അയയ്ക്കുകയും ഇവിടെ ഏകദേശം ഒരു വർഷത്തോളം പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. ഇതിനുശേഷമാണ് സാമ്പിളുകൾ തിരികെ ഭൂമിയിലേയ്ക്ക് അയച്ചത്. ചെറിയ തോതിലെ തകരാറുകൾ മാത്രമായിരുന്നു പരീക്ഷണങ്ങളിൽ കണ്ടെത്തിയത്. വസ്തുക്കൾ കത്തുന്നതിന് കാരണമായ ഓക്‌സിജൻ ബഹിരാകാശത്ത് ഇല്ലാത്തതിനാലാണ് തടികളിൽ കേടുപാടുകൾ സംഭവിക്കാത്തതെന്ന് പ്രോജക്‌ട് മേധാവി കോജി മുരാത്ത പറഞ്ഞു. പലതരം മരത്തടികളിൽ പരീക്ഷണം നടത്തിയെന്നും മഗ്നോളിയ മരങ്ങളിൽ നിന്നുള്ള തടി ഏറ്റവും ഫലപ്രദമാണെന്ന് തെളിയിക്കപ്പെടുകയായിരുന്നുവെന്നും മുരാത്ത വ്യക്തമാക്കി. തടികൊണ്ടുള്ള ബഹിരാകാശ പേടകങ്ങൾ ഭ്രമണപഥത്തിൽ എത്ര നന്നായി പ്രവർത്തിക്കുന്നുവെന്ന് നിശ്ചയിക്കാൻ സഹായിക്കുന്ന പരീക്ഷണങ്ങൾ നടത്തും. ബഹിരാകാശത്ത് തടികൊണ്ടുള്ള ഘടനയുടെ രൂപഭേദം അളക്കുക എന്നതാണ് ഉപഗ്രഹത്തിന്റെ ദൗത്യങ്ങളിലൊന്ന്. ബഹിരാകാശത്ത് ഒരു വശത്ത് തടി സുസ്ഥിരവും തകർക്കാനാവാത്തതും ആയിരിക്കുമ്പോൾ മറുവശത്ത് കേടുപാടുകൾക്കും വിള്ളലുകൾക്കും സാദ്ധ്യതയുണ്ടെന്നും മുരാത്ത കൂട്ടിച്ചേർത്തു. ഉപഗ്രഹത്തെ വിക്ഷേപിക്കാനുള്ള വിക്ഷേപണ വാഹനത്തിൽ അന്തിമ തീരുമാനമായില്ലെന്നും പ്രോജക്‌ട് ഡയറക്‌ടർ പറഞ്ഞു. ഒരു കോഫി കപ്പിന്റെ മാത്രം വലിപ്പമുള്ള ലിഗ്നോസാറ്റ് പ്രോബ് അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കുറഞ്ഞത് ആറ് മാസമെങ്കിലും ഭ്രമണപഥത്തിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് ഉപഗ്രഹങ്ങൾ വീണ്ടും പ്രവേശിക്കുന്നതിലൂടെ പുറന്തള്ളുന്ന അലുമിനിയം കണങ്ങൾ ഓസോൺ പാളിയിൽ വിള്ളലുണ്ടാക്കുന്നുവെന്നും ഇത് അന്തരീക്ഷത്തിലൂടെ സൂര്യപ്രകാശം എത്രത്തോളം കടന്നുപോകുകയും ഭൂമിയിലെത്തുകയും ചെയ്യുന്നു എന്നതിനെ സ്വാധീനിച്ചേക്കാമെന്നും സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ലിഗ്നോസാറ്റ് പോലെയുള്ള തടി അധിഷ്ഠിത ഉപഗ്രഹങ്ങളിൽ ഇത് ഒരു പ്രശ്‌നമാകില്ല. ദൗത്യം പൂർത്തിയാക്കിയ ശേഷം ഉപഗ്രഹം അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ തടിയുടെ ചാരം മാത്രമായിരിക്കും അവശേഷിക്കുന്നതെന്നും ജാപ്പനീസ് ശാസ്‌ത്രജ്ഞർ വ്യക്തമാക്കുന്നു.
dsfgdfg