ഹമാസിന്റെ കസ്റ്റഡിയിൽനിന്നു രണ്ട് ബന്ദികളെ മോചിപ്പിച്ചതായി ഇസ്രായേൽ
പതിനഞ്ചു ലക്ഷത്തോളം പലസ്തീനികൾ അഭയം തേടിയിരിക്കുന്ന തെക്കൻ ഗാസയിലെ റാഫ നഗരത്തിൽ ആക്രമണം നടത്തുന്ന ഇസ്രേലി സേന, ഹമാസിന്റെ കസ്റ്റഡിയിൽനിന്നു രണ്ട് ബന്ദികളെ മോചിപ്പിച്ചു. ഒക്ടോബർ ഏഴിലെ ആക്രമണത്തിനിടെ തെക്കൻ ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട ഫെർണാണ്ടോ സൈമൺ മർമാൻ (60), ലൂയിസ് ഹാർ (70) എന്നീ പുരുഷന്മാരെയാണു രക്ഷിച്ചത്. ഇസ്രയേലിൽ കുടുംബാംഗങ്ങളോടൊപ്പം ചേർന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നു സൈന്യം അറിയിച്ചു.
അതിനിടെ, ഗാസയിലെ മരണസംഖ്യ 28,340 ആയെന്ന് ഹമാസിന്‍റെ ആരോഗ്യ വിഭാഗവും അറിയിച്ചു. റാഫാ നഗരത്തിന്‍റെ വടക്ക്, മധ്യ ഭാഗങ്ങളിൽ ഇസ്രേലി സേന രൂക്ഷ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ഞായറാഴ്ച രാത്രി മാത്രം 164 പേർ കൊല്ലപ്പെട്ടുവെന്നാണു ഹമാസ് ആരോഗ്യവൃത്തങ്ങൾ പറഞ്ഞത്. ഗാസയിലെ മറ്റു ഭാഗങ്ങളിൽ ആക്രമണമുണ്ടായ സമയത്ത് പലസ്തീനികളിൽ ഭൂരിഭാഗവും ഈജിപ്ഷ്യന് അതിർത്തിയോടു ചേർന്ന റാഫയിലാണ് അഭയം തേടിയത്. റാഫ നഗരമധ്യത്തിലെ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലുള്ള പാർപ്പിടത്തിൽനിന്നാണു രണ്ട് ബന്ദികളെ രക്ഷിച്ചതെന്ന് ഇസ്രേലി സേന അറിയിച്ചു. ഇവർക്കു കാവൽ നിന്നിരുന്ന ഹമാസ് സൈനികരുമായി ഉഗ്രപോരാട്ടമുണ്ടായി. ഇസ്രേലി സേനയ്ക്കു പുറമേ പോലീസും ഇന്‍റലിജൻസും ഓപ്പറേഷനിൽ പങ്കെടുത്തു. റാഫയിലെ ഒട്ടേറെ സ്ഥലങ്ങളിൽ ഹമാസുമായി ഏറ്റമുട്ടൽ നടക്കുന്നതായും സേന അറിയിച്ചു. ഒക്ടോബർ ഏഴിന് ഹമാസ് 253 പേരെയാണ് ഇസ്രയേലിൽനിന്നു ഗാസയിലേക്കു തട്ടിക്കൊണ്ടുപോയത്. നവംബറിലെ വെടിനിർത്തലിൽ നൂറോളം പേർ മോചിതരായിരുന്നു.
asdfdsf