ഗാസയിൽ ഒരു മാസത്തെ വെടിനിർത്തലിന് ഊർജിത ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്
ഗാസയിൽ ഒരു മാസത്തെ വെടിനിർത്തലിന് ഊർജിത ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ ഹമാസും ഇസ്രയേലും പൊതുവേ സമ്മതം മൂളിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവരാണു മധ്യസ്ഥചർച്ചകൾ നടത്തുന്നത്. സിവിലിയന്മാർ മുതൽ സൈനികർ വരെ ഹമാസിന്‍റെ കസ്റ്റഡിയിലുള്ള ബന്ദികളെ ഘട്ടം ഘട്ടമായി വിട്ടയയ്ക്കുന്ന രീതിയാണു പരിഗണിക്കുന്നത്. ഇതിനു പകരമായി, ഇസ്രേലി സേന ആക്രമണം നിർത്തുകയും ഗാസയിലേക്കു കൂടുതൽ സഹായം അനുവദിക്കുകയും ജയിലുകളിലുള്ള പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ചെയ്യും. ഹമാസിന്‍റെ വിമുഖതയാണ് ഈ പദ്ധതി യാഥാർഥ്യമാകുന്നതിനു തടസമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. എല്ലാ ബന്ദികളെയും വിട്ടയയ്ക്കണമെങ്കിൽ വെടിനിർത്തൽ ദീർഘകാലത്തേക്കു നടപ്പാക്കണമെന്നാണു ഹമാസിന്‍റെ ആവശ്യം.
ഇതിനിടെ, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ഇസ്രേലി സേന ഉഗ്ര ആക്രമണം തുടരുന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ 210 പേർകൂടി കൊല്ലപ്പെട്ടതായി ഹമാസിന്‍റെ ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചു. ഇതോടെ ഗാസയിലെ മരണസംഖ്യ 25,700 ആയി. 43,740 പേർക്കു പരിക്കേറ്റു. ഖാൻ യൂനിസിലെ ആശുപത്രികൾക്കു സമീപം ഇസ്രേലി ഓപ്പറേഷൻ നടക്കുന്നതായിട്ടാണ് റിപ്പോർട്ട്. നാസർ ആശുപത്രി, മറ്റു രണ്ട് ചെറിയ ആശുപത്രികൾ എന്നിവയ്ക്കു സമീപമാണ് സൈനിക നടപടി. ആയിരക്കണക്കിന് അഭയാർഥികളും നൂറു കണക്കിന് രോഗികളും ആശുപത്രികളിലുണ്ട്. ഖാൻ യൂനിസ് നഗരത്തിലെ അഞ്ചു ലക്ഷം പേർ ഒഴിഞ്ഞു പോകണമെന്ന് ഇസ്രേലി സേന ഇന്നലെ ആവശ്യപ്പെട്ടു. ഖാൻ യൂനിസിൽ ഒട്ടനവധി ഭീകരരെ വകവരുത്തിയതായി ഇസ്രേലി സേന അവകാശപ്പെട്ടു.
േ്ിേി്