സ്വീഡന് നാറ്റോയിൽ അംഗത്വം നൽകുന്നത് തുർക്കി പാർലമെന്‍റ് അംഗീകരിച്ചു
സ്വീഡന് നാറ്റോയിൽ അംഗത്വം നൽകുന്നത് തുർക്കി പാർലമെന്‍റ് അംഗീകരിച്ചു. ഹംഗറികൂടി അംഗീകാരം നൽകിയാൽ സ്വീഡന് 31 അംഗ പാശ്ചാത്യ സൈനിക സഖ്യത്തിൽ അംഗത്വം ലഭിക്കും. 2022 മേയിലാണ് സ്വീഡൻ അപേക്ഷ നൽകിയതെങ്കിലും തുർക്കിയുടെ തീരുമാനം നീളുകയായിരുന്നു. കുർദ് തീവ്രവാദികൾക്കു സ്വീഡൻ അഭയം നൽകുന്നു എന്നാരോപിച്ചായിരുന്നു ഇത്. സ്വീഡൻ പിന്നീട് കർശനമായ തീവ്രവാദവിരുദ്ധ നിയമം പാസാക്കുകയുണ്ടായി. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിലാണ് പതിറ്റാണ്ടുകളായി തുടർന്ന നിഷ്പക്ഷത അവസാനിപ്പിച്ച് സ്വീഡനും ഫിൻലൻഡും നാറ്റോയിൽ ചേരാൻ അപേക്ഷ നൽകുന്നത്.
ഫിൻലൻഡിന് ഏപ്രിലിൽ അംഗത്വം ലഭിച്ചു. സ്വീഡന്‍റെ കാര്യത്തിൽ ഹംഗറി പുലർത്തുന്ന എതിർപ്പ് വൈകാതെ അവസാനിച്ചേക്കും. സ്വീഡനു ശത്രുതാ മനോഭാവമാണെന്ന് ഹംഗറി ആരോപിക്കുന്നു. ഹംഗേറിയൻ പ്രധാനമന്ത്രി വിക്തർ ഒർബാൻ ചൊവ്വാഴ്ച സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സണെ ചർച്ചയ്ക്കായി ബുഡാപെസ്റ്റിലേക്കു ക്ഷണിച്ചിട്ടുണ്ട്. എല്ലാ അംഗങ്ങളുടെയും അംഗീകാരമുണ്ടെങ്കിലേ നാറ്റോയിൽ അംഗത്വം ലഭിക്കൂ.
drgd