ചൈനീസ് ചാരക്കപ്പൽ മാലദ്വീപിലേക്ക്; സമുദ്രഗവേഷണത്തിനെന്ന് വിശദീകരണം
ഇന്ത്യക്ക് ആശങ്കയായി ചൈനീസ് ചാരക്കപ്പൽ മാലദ്വീപിലേക്ക്. ഷിയാംഗ് യാംഗ് ഹോംഗ് −03 എന്ന കപ്പലാണ് ഇന്തോനേഷ്യൻ തീരത്തുനിന്നു തിരിച്ചിരിക്കുന്നത്. മാലദ്വീപിന്‍റെ തലസ്ഥാനമായ മാലെയിൽ ഫെബ്രുവരി എട്ടിനെത്തുമെന്നാണു കരുതുന്നത്. സമുദ്രഗവേഷണത്തിനുള്ള കപ്പലാണിതെന്ന് ചൈന അവകാശപ്പെടുന്നു. എന്നാൽ, ഗവേഷണത്തിന്‍റെ മറവിൽ ചാരപ്രവർത്തനമാണു നടത്തുന്നതെന്ന് അനുമാനിക്കപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ അടിത്തട്ടിന്‍റെ ഭൂപടം തയാറാക്കിവരികയാണു കപ്പലെന്നു പറയുന്നു. ഭൂകന്പം പോലുള്ള പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പു നല്കാൻ ഇത്തരം ഗവേഷണങ്ങൾ സഹായകമത്രേ. അതോടൊപ്പം ഗവേഷണ കപ്പൽ തയാറാക്കുന്ന മാപ്പ് ഉപയോഗിച്ച് ചൈനീസ് മുങ്ങിക്കപ്പലുകൾക്കു സുഗമമായി യാത്ര ചെയ്യാനും കഴിയും.
ഇന്ത്യാവിരുദ്ധനായ പ്രസിഡന്‍റ് മുഹമ്മദ് മുയിസു ചൈനയിലെത്തി പ്രസിഡന്‍റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ചാരക്കപ്പൽ മാലദ്വീപിലേക്കു യാത്ര പുറപ്പെട്ടിരിക്കുന്നത്. മാലദ്വീപിലുള്ള എൺപതോളം ഇന്ത്യൻ സൈനികർ മാർച്ച് 15നകം രാജ്യംവിടണമെന്ന് പ്രസിഡന്‍റ് മുയിസു ആവശ്യപ്പെട്ടിട്ടുണ്ട്.