ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ മാനുഷികദുരന്തം ഭയാനകമായിരിക്കുമെന്ന മുന്നറിയിപ്പുമായി യു.എൻ


പട്ടിണി പിടിമുറുക്കുന്ന ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ മാനുഷികദുരന്തം ഭയാനകമായിരിക്കുമെന്ന മുന്നറിയിപ്പുമായി യു.എൻ സെക്രട്ടറി ജനറൽ. ഫലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിനു പകരമായി ബന്ദിമോചനവും രണ്ടു മാസത്തെ വെടിനിർത്തലും എന്ന ഇസ്രായേൽ നിർദേശം ഹമാസ് തള്ളിയതായി ഈജിപ്ത് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. അതിനിടെ, യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അമേരിക്കയും ബ്രിട്ടനും വീണ്ടും ആക്രമണം നടത്തി . ടണലുകൾ കേന്ദ്രീകരിച്ചുള്ള ഹമാസിന്‍റെ സൈനിക സംവിധാനങ്ങൾ ഇപ്പോഴും ശക്തമാണെന്ന് ഇസ്രായേൽ സൈന്യം ആശങ്ക പ്രകടിപ്പിച്ചു. ബന്ദിമോചനം തേടി ഇസ്രായേലിൽ ബന്ധുക്കളുടെ പ്രക്ഷോഭം തുടരുകയാണ്.  ഫലസ്തീൻ ജനതക്ക് കൂട്ടശിക്ഷ വിധിക്കുന്ന ഇസ്രായേൽ നീക്കം സർവസീമകളും ലംഘിച്ചതായി യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ഗസ്സയിലേക്കുള്ള സഹായം തടസപ്പെടുത്തുന്ന ഇസ്രായേൽ നടപടി പട്ടിണിക്ക് ആക്കം കൂട്ടുകയാണ്. ഫലസ്തീൻ അവകാശങ്ങൾ കവർന്നും ദ്വിരാഷ്ട്ര ഫോർമുല തള്ളിയും ഇസ്രായേൽ മുന്നോട്ടു നീങ്ങുന്നത് സംഘർഷം അനിശ്ചിതമായി നീളാൻ കാരണമാകുമെന്നും യു.എൻ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകി. ഗസ്സയിൽ വെടിനിർത്തൽ വൈകരുതെന്ന് നോർവീജിയയും സ്ലൊവേനിയയും ആവശ്യപ്പെട്ടു. 24മണിക്കൂറിനിടെഗസ്സയിൽ ഹമാസ് ആക്രമണത്തിൽ 24 സൈനികർ കൊല്ലപ്പെട്ടതിന്‍റെ ആഘാതത്തിലാണ് ഇസ്രോയല്‍. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ട് പരസ്യപ്പെടുത്തുമെന്നും സൈന്യം വ്യക്തമാക്കി. രണ്ടു കെട്ടിടങ്ങൾ തകർക്കാനായി ഇസ്രായേൽ സൈനികർ മൈനുകൾ നിറക്കുന്നതിനിടെ ഹമാസ് ആർ.പി.ജിമിസൈലുകൾ തൊടുത്തതാണ് സൈനികർ കൊല്ലപ്പെടാൻ കാരണമായതെന്നാണ് ആദ്യവിലയിരുത്തൽ. 

തുരങ്കങ്ങൾ കേന്ദ്രീകരിച്ചുള്ള ഹമാസ് പോരാളികളുടെ തന്ത്രപരമായ നീക്കം വലിയ വെല്ലുവിളി തന്നെയാണെന്ന് സൈനിക വക്താവ് പ്രതികരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സൈനികർക്ക് ജീവഹാനിയുണ്ടായേക്കുമെന്ന ആശങ്കയും ഇസ്രായേൽ സൈനികവൃത്തങ്ങൾ പങ്കുവെച്ചു. എന്നാൽ എത്ര നീണ്ടാലും യുദ്ധത്തിൽ നിന്ന് പിറകോട്ടില്ലെന്നാവർത്തിച്ച് ഇസ്രായേൽ രാഷ്ട്രീയ, സൈനിക നേതൃത്വം രംഗത്തുവന്നു. സൈനികനഷ്ടവും ആഭ്യന്തര സമ്മർദവും കാരണം കൂടുതൽ സിവിലിയൻ കുരുതിക്കുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേൽ സേന. 195 പേരാണ് ഇന്നലെ മാത്രം കൊല്ലപ്പെട്ടത്. 354 പേർക്ക് പരിക്കേറ്റു. ഗസ്സയിൽ ആകെ മരണം 25,490 ആയി. പരിക്കേറ്റവരുടെ എണ്ണം 63,354 ആയി ഉയർന്നു. ഖാൻ യൂനിസിൽ ആശുപത്രികൾ വളഞ്ഞ് ജീവനക്കാരെയുൾപ്പെടെ അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്. അൽഖൈർ, അൽഅമൽ, നാസർ ആശുപത്രികളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്. ബന്ദിമോചനം ഉറപ്പാക്കാൻ ഫലസ്തീൻ തടവുകാരെ കൈമാറി രണ്ടുമാസത്തെ വെടിനിർത്തൽ എന്ന ഇസ്രായേൽ നിർദേശം സ്വീകാര്യമല്ലെന്ന് ഹമാസ് അറിയിച്ചതായി ഈജിപ്ത് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വടക്കൻ ഇസ്രായേലിലെ മൗണ്ട് മെറോണിൽ വ്യോമസേന താവളത്തിനു നേരെ ഹിസ്ബുല്ല ആക്രമണം നടത്തി. താവളത്തിന് തകരാർ സംഭവിച്ചതായി സൈന്യം സ്ഥിരീകരിച്ചു. യമനിൽ യു.എസ്−യു.കെ ഇന്നലെയും ഹൂതി കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി. ഏദൻ കടലിൽ യു.എസ് സൈനിക ചരക്കുകപ്പൽ ‘ഓഷ്യൻ ജാസി’നു നേരെ ഹൂതികൾനടത്തിയ ആക്രമണത്തിന് പ്രതികാരമെന്നോണമാണ് നടപടിയെന്ന് അമേരിക്ക അറിയിച്ചു. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി ബ്രെറ്റ് മാക്ഗുർകിന്‍റെ പശ്ചിമേഷ്യൻ പര്യടനം ഇന്നാരംഭിച്ചു. ബന്ദിമോചനവുമായി ബന്ധപ്പെട്ട ചർച്ചകളാണ് പ്രധാന സന്ദർശനലക്ഷ്യമെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു.

article-image

sdfsdf

You might also like

Most Viewed