ഗാസ സിറ്റിയിലെ അൽ ഇസ്ര സർവകലാശാല തകർത്ത്‌ ഇസ്രയേൽ


ഗാസ സിറ്റിയിലെ അൽ ഇസ്ര സർവകലാശാല തകർത്ത്‌ ഇസ്രയേൽ. ബിരുദ, ബിരുദാനന്തര ബിരുദ കോളേജുകളും ദേശീയ മ്യൂസിയവും സ്ഥിതി ചെയ്യുന്ന ക്യാമ്പസിൽ കടന്നുകയറിയായിരുന്നു ആക്രമണം. സർവകലാശാല വളപ്പിലെ പ്രധാന മുസ്ലിം പള്ളിയും ബോംബെറിഞ്ഞ് തകർത്തു. മൂവായിരത്തിലധികം പുരാവസ്തുക്കളാണ്‌ മ്യൂസിയത്തിൽ ഉണ്ടായിരുന്നത്‌. മ്യൂസിയം നശിപ്പിക്കുന്നതിനുമുമ്പ്‌ ഇവ സൈന്യം കൊള്ളയടിച്ചതായി സർവകലാശാല വാർത്താക്കുറിപ്പിൽ പറഞ്ഞു. സർവകലാശാല ആശുപത്രി, മെഡിക്കൽ, എൻജിനിയറിങ്‌ ലബോറട്ടറികൾ, നഴ്സിങ്‌ ലാബുകൾ, മീഡിയ ട്രെയ്‌നിങ്‌ സ്റ്റുഡിയോകൾ എന്നിവയുള്ള കെട്ടിടങ്ങളും തകർത്തു. ഇവിടെയുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്‌തുക്കളും കൊള്ളയടിച്ചു.  

ആക്രമണത്തിൽ അമേരിക്ക വിശദീകരണം ആവശ്യപ്പെട്ടു. ഗാസയിൽ ടെലികോം ബ്ലാക്കൗട്ട്‌ (ആശയവിനിമയ സംവിധാനം പ്രവർത്തനരഹിതമാകൽ) തുടരുകയാണ്‌. 

ആശുപത്രിയിൽനിന്നടക്കം വിവരങ്ങൾ കൈമാറാൻ സാധിക്കുന്നില്ല. ബ്ലാക്കൗട്ടിന്റെ മറവിൽ ഇസ്രയേൽ 15 “കൂട്ടക്കൊല’ നടത്തിയതായി പലസ്തീൻ വിദേശമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ ഗാസയിൽ 142 പേർ കൊല്ലപ്പെട്ടു.  ഇതോടെ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 24,762 ആയി. ഗാസയിൽ രണ്ടു വയസ്സിനു താഴെയുള്ള 1,35,000 കുഞ്ഞുങ്ങൾ പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്നുണ്ടെന്ന്‌ യുനിസെഫ്‌ അറിയിച്ചു. സാധാരണക്കാർക്കെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ അന്വേഷണം നടത്തണമെന്ന്‌ ചിലിയും മെക്‌സിക്കോയും അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയോട് ആവശ്യപ്പെട്ടു. ഇതിനെ പലസ്‌തീൻ അതോറിറ്റി സ്വാഗതം ചെയ്‌തു.

article-image

asdfad

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed