നെതന്യാഹുവിന് കനത്ത തിരിച്ചടി; ജുഡീഷ്യൽ പരിഷ്‍കരണ നിയമം സുപ്രീംകോടതി തള്ളി


ജുഡീഷ്യറിയുടെ അധികാരങ്ങൾ കവർന്നെടുത്ത് പാർലമെന്റ് പാസാക്കിയ ജുഡീഷ്യൽ പരിഷ്‍കരണ നിയമം ഇസ്രായേൽ സുപ്രീംകോടതി തള്ളി. ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാറിന് കനത്ത തിരിച്ചടി നൽകിയും രാജ്യത്തെ കടുത്ത രാഷ്ട്രീയ, ഭരണഘടന പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുമാണ് 15 അംഗ സുപ്രീകോടതി ബെഞ്ചിലെ എട്ടുപേരും നിയമത്തിനെതിരെ വിധിയെഴുതിയത്. ഇസ്രായേൽ− ഹമാസ് യുദ്ധത്തെതുടർന്ന് രൂപവത്കരിച്ച യുദ്ധമന്ത്രിസഭയുടെ നിലനിൽപ് തന്നെ ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. നിയമത്തിനെതിരെ നിലപാടെടുത്ത പ്രതിപക്ഷ കക്ഷിയായ നാഷനൽ യൂനിറ്റി അലയൻസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായ ബെന്നി ഗാന്റ്സ് യുദ്ധ മന്ത്രിസഭയിൽ തുടരുന്നത് തീവ്ര വലതുപക്ഷം ചോദ്യം ചെയ്താൽ നെതന്യാഹു സർക്കാറിന് പ്രതിസന്ധിയേറും. നിയമത്തിനെതിരെ നടന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങൾ യുദ്ധം തുടങ്ങിയപ്പോഴാണ് താൽക്കാലികമായി നിർത്തിവെച്ചത്. സർക്കാർ തീരുമാനങ്ങളിലും നയങ്ങളിലും സുപ്രീംകോടതിക്ക് ഇടപെടാനുള്ള അധികാരങ്ങൾ വെട്ടിക്കുറച്ച് കഴിഞ്ഞവർഷം ജൂലൈയിലാണ് പാർലമെന്റ് നിയമം പാസാക്കിയത്. ഇതനുസരിച്ച് പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് സുപ്രീംകോടതി വിധി അസാധുവാക്കാം. 

ആരോഗ്യ, മാനസിക കാരണങ്ങളാലല്ലാതെ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് നിയമത്തിൽ വിലക്കിയിരുന്നു. എന്നാൽ, ഇസ്രായേലിന്റെ ജനാധിപത്യ സ്വഭാവത്തിന് പരിക്കേൽപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നിയമം തള്ളിക്കളഞ്ഞത്. അടിസ്ഥാന നിയമങ്ങൾ പരിഷ്‍കരിക്കുമ്പോഴും പാർലമെന്റിന്റെ ഭാഗത്തുനിന്ന് അസാധാരണ നടപടികൾ ഉണ്ടാകുമ്പോഴും ഇടപെടാൻ ജുഡീഷ്യറിക്ക് അധികാരമുണ്ടെന്ന് വിധിന്യായത്തിൽ ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഗസ്സയിൽ യുദ്ധം നടക്കുമ്പോൾ ജനതയെ ഭിന്നിപ്പിക്കുന്ന വിധി നിർഭാഗ്യകരമാണെന്ന് നെതന്യാഹുവിന്റെ ലികുഡ് പാർട്ടി അഭിപ്രായപ്പെട്ടു. രാജ്യം അപകടമുനമ്പിൽ നിൽക്കുമ്പോൾ കോടതി ഭിന്നത വിതക്കുകയാണെന്നാണ് വിവാദനിയമത്തിന്റെ ശിൽപിയും നീതിന്യായ മന്ത്രിയുമായ യാരിവ് ലെവിൻ പ്രതികരിച്ചത്. അതേസമയം, വിധിയെ പ്രതിപക്ഷ നേതാവ് യാഇർ ലാപിഡ് സ്വാഗതം ചെയ്തു. വിഷയത്തിൽ സർക്കാർ നിയമപോരാട്ടം തുടരാനാണ് ഭാവമെങ്കിൽ ഒക്ടോബർ ഏഴിൽനിന്ന് പാഠമൊന്നും പഠിച്ചില്ലെന്ന് വേണം കരുതാനെന്നും അദ്ദേഹം പറഞ്ഞു. വിധിയിൽ ജേതാക്കളും പരാജിതരുമില്ലെന്നും യുദ്ധം ജയിക്കുകയെന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളതെന്നും ബെന്നി ഗാന്റ്സ് പ്രതികരിച്ചു.

article-image

asdd

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed