ദക്ഷിണാഫ്രിക്കയുടെ ഹരജിയെ രാജ്യാന്തര കോടതിയിൽ നേരിടുമെന്ന് ഇസ്രായേൽ


യുദ്ധക്കുറ്റം ആരോപിച്ച് രാജ്യാന്തര കോടതിയിൽ(ഐ.സി.ജെ) ദക്ഷിണാഫ്രിക്ക നൽകിയ ഹരജിയിൽ പ്രതികരണവുമായി ഇസ്രായേൽ. നിയമനടപടികളെ ബഹിഷ്‌ക്കരിക്കില്ലെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹാനെഗ്ബി അറിയിച്ചു. ആരോപണങ്ങൾ കോടതിയിൽ തള്ളിക്കളയുമെന്നും അദ്ദേഹം അറിയിച്ചു.  ഗസ്സയിൽ നടക്കുന്ന ഫലസ്തീൻ വംശഹത്യ ചൂണ്ടിക്കാട്ടി ഡിസംബർ 29നാണ് ദക്ഷിണാഫ്രിക്ക ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചത്. ഇസ്രായേലിനെതിരെ യുദ്ധക്കുറ്റം ആരോപിച്ചായിരുന്നു ഹരജി. യു.എന്നിന്റെ വംശഹത്യാ നിരോധന−ശിക്ഷാ നിയമങ്ങളെ കാലങ്ങളായി പിന്തുണയ്ക്കുന്ന രാജ്യമാണ് ഇസ്രായേലെന്ന് സുരക്ഷാ ഉപദേഷ്ടാവ് വ്യക്തമാക്കി. അതിനാൽ, കോടതിയിലെ നടപടിക്രമങ്ങൾ ബഹിഷ്‌ക്കരിക്കില്ല. നിയമവ്യവഹാരത്തിന്റെ ഭാഗമായി തങ്ങൾക്കെതിരായ അസംബന്ധ ആരോപണങ്ങളെ തള്ളിക്കളയുമെന്നും സാച്ചി ഹാനെഗ്ബി വ്യക്തമാക്കിയതായി ഇസ്രായേൽ മാധ്യമം ‘വൈനെറ്റ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.  

മറ്റേതു രാജ്യങ്ങളെക്കാളും കൂടുതൽ ആഴത്തിലുള്ള വംശഹത്യ നേരിട്ടവരാണ് ജൂതജനതയെന്നും ഹാനെഗ്ബി പറഞ്ഞു. ‘’ഞങ്ങളുടെ 60 ലക്ഷം ജനങ്ങൾ ക്രൂരമായി കുരുതിക്കിരയായിട്ടുണ്ട്. സമാനമായ ക്രൂരതയാണ് ഒക്ടോബർ ഏഴിന് ഇസ്രായേൽ പൗരന്മാർ നേരിട്ടത്. പക്ഷെ, ഞങ്ങളുടെ തകർച്ച ആഗ്രഹിച്ചവരെ ചെറുക്കാനുള്ള ശക്തി ഇത്തവണ ഞങ്ങൾക്കുണ്ട്. സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിനെതിരായ അസംബന്ധ ഹരജി അപമാനകരമാണ്. എല്ലാ സംസ്‌കൃതരാഷ്ട്രങ്ങളും ഞങ്ങളുടെ ദൃഢനിശ്ചയത്തിനൊപ്പം നിൽക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.’’−ഇസ്രായേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൂട്ടിച്ചേർത്തു.  ഫലസ്തീൻ രാഷ്ട്രത്തിന്റെയും വംശത്തിന്റെയും വലിയൊരു ഭാഗവും തകർക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾ വംശഹത്യയുടെ ഗണത്തിൽ വരുന്നതാണെന്ന് ദക്ഷിണാഫ്രിക്കയുടെ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഗസ്സയിൽ ഫലസ്തീനികളെ കൊല്ലുകയും ശാരീരികവും മാനസികവുമായ ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്തിരിക്കുകയാണ്. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കു കൂടുതൽ പരിക്കേൽക്കുന്നതു തടയാൻ കോടതിയുടെ ഇടപെടലുണ്ടാകണം. ഇസ്രായേൽ വംശഹത്യ നിയമങ്ങൾ അംഗീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ദക്ഷിണാഫ്രിക്കയുടെ ഹരജിയിൽ ആവശ്യപ്പെട്ടു.

ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന ആക്രമണങ്ങളെ നേരത്തെ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടപ്പാക്കുന്ന നയങ്ങൾ വംശവിവേചനം നടപ്പാക്കിയിരുന്ന ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ഭരണത്തിനു സമാനമാണെന്നായിരുന്നു അദ്ദേഹം വിമർശിച്ചത്.  അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 21,978 ആയിട്ടുണ്ട്. 57,697 പേർക്കാണ് ഒക്ടോബർ ഏഴിനുശേഷമുള്ള ആക്രമണങ്ങളിൽ പരിക്കേറ്റത്

article-image

asdad

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed