ഇന്ത്യ−റഷ്യ ബന്ധം സുശക്തമായി മുന്നേറുകയാണെന്ന് പുടിൻ
ലോകത്തെ പ്രക്ഷുബ്ധ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യ−റഷ്യ ബന്ധം സുശക്തമായി മുന്നേറുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. റഷ്യൻ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി ക്രെംലിനിൽ നടത്തിയ ചർച്ചക്കിടെയാണ് പുടിന്റെ പരാമർശം. യുക്രെയ്ൻ യുദ്ധസാഹചര്യത്തെക്കുറിച്ച് താൻ പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ തുടർ ചർച്ചകളുണ്ടാകുമെന്നും പുടിൻ പറഞ്ഞു. മോദിയെ റഷ്യൻ സന്ദർശനത്തിനായി ക്ഷണിക്കുന്നതായി പുടിൻ അറിയിച്ചു. ഉഭയകക്ഷി വ്യാപാര ബന്ധങ്ങളും ചർച്ചയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര രംഗത്തെ വളർച്ചാ നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ ഉയർന്നിട്ടുണ്ട്. യുക്രെയ്ൻ യുദ്ധസാഹചര്യത്തിൽ പല പാശ്ചാത്യ രാജ്യങ്ങളും അസംസ്‌കൃത എണ്ണ ഇറക്കുമതിയിൽ ഭീഷണിസ്വരം നിലനിർത്തിയിട്ടും റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഗണ്യമായി വർധിച്ചു.
എണ്ണ, എണ്ണ ഉൽപന്നങ്ങൾ, കൽക്കരി എന്നിവക്കുപുറമെ, ഹൈടെക് മേഖലകളിലും ഇടപാടുകൾ ശക്തമാകുമെന്ന് പുടിൻ വിശ്വാസം പ്രകടിപ്പിച്ചു. കൂടംകുളം ആണവ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്ന കരാറുകളിൽ ഇന്ത്യയും റഷ്യയും ചൊവ്വാഴ്ച ഒപ്പുവെച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അടുത്ത വർഷം മോദി റഷ്യ സന്ദർശിക്കുമെന്ന് ജയ്ശങ്കർ അറിയിച്ചു. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
sdfdsfg