ഗാസയിൽ ഇസ്രായേൽ ആക്രമണം രൂക്ഷം
രണ്ടു മാസം പൂർത്തിയാകാനടുത്തിട്ടും ആയിരക്കണക്കിന് സിവിലിയന്മാരെ കുരുതി നടത്തുകയും വീടുകളും ആശുപത്രികളും ആരാധനാലയങ്ങളും തകർക്കുകയും ചെയ്തതല്ലാതെ നേട്ടം അവകാശപ്പെടാനില്ലാത്ത ഇസ്രായേൽ സൈന്യം ഇപ്പോൾ തെക്കൻ മേഖലയിൽ തമ്പടിക്കുമ്പോൾ ഉയരുന്നത് സമ്പൂർണ ഒഴിപ്പിക്കൽ യജ്ഞമെന്ന സൂചന. 18 ലക്ഷത്തോളം ഫലസ്തീനികളാണ് തെക്കൻ ഗസ്സയിലുള്ളത്. ഓരോ ഇഞ്ച് ഭൂമിയിലും അഭയാർഥികളെന്നതാണ് നിലവിലെ സ്ഥിതി. ഏത് ആക്രമണവും നിരപരാധികളായ നിരവധി സിവിലിയന്മാരുടെ ജീവനെടുക്കുമെന്നുറപ്പ്. എന്നിട്ടും വ്യോമാക്രമണത്തിനൊപ്പം കരസേനയെ കൂടി മേഖലയിൽ എത്തിച്ചാണിപ്പോൾ മഹാനാശം തുടരുന്നത്.ഫലസ്തീനികളെ സമ്പൂർണമായി ഒഴിപ്പിക്കലാണ് നീക്കമെന്ന റിപ്പോർട്ടുകൾ ഇസ്രായേൽ സൈന്യം തള്ളുന്നുണ്ട്. ആക്രമണം നടക്കുന്ന മേഖലകളിൽനിന്ന് ഒഴിഞ്ഞുപോകാനാണ് നിർദേശം നൽകുന്നതെന്നും അത് എന്നെന്നേക്കുമല്ലെന്നുമാണ് വിശദീകരണം. സുരക്ഷിത ഇടങ്ങൾ കുറവാണെന്ന് അറിയാമെന്നും അവർ ഈജിപ്തിലേക്ക് നാടുവിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇസ്രായേൽ സൈനിക വക്താവ് ജൊനാഥൻ കോൺറികസ് പറയുന്നു. എന്നാൽ, അവശ്യ സഹായവസ്തുക്കളുമായി എത്തുന്ന ട്രക്കുകൾപോലും റഫ അതിർത്തി കടത്തിവിടാൻ വിസമ്മതിക്കുന്ന ഇസ്രായേൽ തെക്കൻ ഗസ്സയിൽ നടത്തുന്നത് നേരത്തെ വടക്കൻ മേഖലയിൽ നടത്തിയതിന് സമാനമായ കനത്ത ആക്രമണമാണ്. ആശുപത്രികളടക്കം ഇതിനകം ആക്രമിക്കപ്പെട്ടുകഴിഞ്ഞു.
ഗസ്സയിലെ മൊത്തം ഫലസ്തീനികളും ഗസ്സ വിട്ടുപോകണമെന്ന് നേരത്തെ ഇസ്രായേൽ മന്ത്രിസഭയിലെ ചിലർ ആവശ്യപ്പെട്ടതും ഇതിന്റെ തുടർച്ച. രണ്ട് പാർലമെന്റ് അംഗങ്ങൾ ഇതേ ആവശ്യം ഉയർത്തിയപ്പോൾ ഇസ്രായേൽ ധനമന്ത്രി ബിസാലേൽ സ്മോട്രിച്ച് പിന്തുണയുമായി എത്തിയത് നേരത്തെ വാർത്തയായിരുന്നു. എല്ലാ അറബ് രാജ്യങ്ങളും ചേർന്ന് ഗസ്സയിലെ കുടുംബങ്ങളെ ഏറ്റെടുക്കണമെന്നായിരുന്നു സ്മോട്രിച്ചിന്റെ ആവശ്യം. ദിവസങ്ങളായി ഇസ്രായേൽ തമ്പടിച്ചിരിക്കുന്നത് ഖാൻ യൂനുസിലാണ്. ഹമാസ് നേതാവ് യഹ്‍യ സിൻവർ, സൈനിക വിഭാഗം മേധാവി മുഹമ്മദ് ദീഫ് എന്നിവരടക്കം ഒളിച്ചിരിക്കുന്നുവെന്ന് അവകാശപ്പെട്ടാണ് ഒടുവിൽ ഖാൻ യൂനുസ് തേടി അവർ എത്തിയിരിക്കുന്നത്. വടക്കൻ ഗസ്സയിൽനിന്നടക്കം എത്തിയ ലക്ഷക്കണക്കിന് അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ഇടമാണ് ഖാൻ യൂനുസ്. ഇവർക്ക് സുരക്ഷിത ഇടമോ റോഡുകളോ പോലും അനുവദിക്കാതെ ഒഴിഞ്ഞുപോകാൻ അന്ത്യശാസനം നൽകിയ സൈന്യം രൂക്ഷമായ ബോംബിങ് തുടരുകയാണ്. പ്രദേശത്തെ അൽനാസിർ ആശുപത്രിയിൽ മരിച്ചവരും പരിക്കേറ്റവരുമായി എത്തുന്നത് വൻതോതിൽ വർധിച്ചതായാണ് റിപ്പോർട്ട്. മൊത്തം ഗസ്സയിലെ 35 ആശുപത്രികളിൽ 26ഉം നിലവിൽ പ്രവർത്തനരഹിതമാണ്. വടക്കൻ ഗസ്സയിൽ അവശേഷിക്കുന്ന കമാൽ അദ്‍വാൻ ആശുപത്രിയും തിങ്കളാഴ്ച രാത്രിയോടെ വൈദ്യുതി മുടങ്ങി പ്രവർത്തനം നിർത്തേണ്ടിവരുമെന്ന് ഗസ്സ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
നേരത്തെ വടക്കൻ ഗസ്സയിലേതിന് സമാനമായി, തെക്കൻ മേഖലകളിലെ ആശുപത്രികളും മരിച്ചവരും ഗുരുതരമായി പരിക്കേറ്റവരും തിങ്ങിനിറഞ്ഞ നിലയിലാണ്. തിങ്കളാഴ്ച ഖാൻ യൂനുസിനുപുറമെ അൽതന്നൂർ, അൽജനീന മേഖലകളിലും ഇസ്രായേൽ ബോംബറുകൾ എത്തിയിരുന്നു. നിലവിൽ ഗസ്സയിൽ 19 ലക്ഷം പേർ അഭയാർഥികളായതായാണ് യു.എൻ കണക്ക്.ഹമദ് സിറ്റിയിലും ബോംബുവർഷംഗസ്സ സിറ്റി: ഖത്തർ സാമ്പത്തിക സഹായത്തോടെ ഗസ്സയിൽ പ്രവർത്തിക്കുന്ന താമസ കേന്ദ്രമായ ഹമദ് സിറ്റിക്കുനേരെ ഇസ്രായേൽ ആക്രമണം. കഴിഞ്ഞ ദിവസത്തെ വൻ ആക്രമണത്തിൽ നിരവധി അപ്പാർട്മെന്റുകൾ പൂർണമായി തകർന്നു. മസ്ജിദും പൂന്തോട്ടങ്ങളുമടക്കം മികച്ച ജീവിത സൗകര്യങ്ങളോടെ ഒരുക്കിയ പാർപ്പിടങ്ങളാണ് ചാരമാക്കപ്പെട്ടത്. 2014ലെ യുദ്ധത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി ഖത്തർ ഭരണകൂട കാർമികത്വത്തിൽ ഒരുങ്ങിയ വീടുകളിൽ 15,000ത്തിലേറെ പേരാണ് താമസിച്ചുവന്നത്. യുദ്ധത്തെ തുടർന്ന്, ഇവിടെ ജനസംഖ്യ ഇരട്ടിയായി ഉയർന്നിരുന്നു. ആക്രമണത്തെ തുടർന്ന് വീട് നഷ്ടമായവർ തെരുവുകളിൽ തമ്പ് കെട്ടിയും പാർക്കിങ് കേന്ദ്രങ്ങളിലുമാണ് കഴിയുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഹമദ് സിറ്റി ഒഴിയാൻ ഇസ്രായേൽ സേന അന്ത്യശാസനം നൽകിയത്. പിന്നാലെ ബോംബറുകൾ കനത്ത വ്യോമാക്രമണം നടത്തുകയായിരുന്നു.
sdfasdf