താൽക്കാലിക വെടിനിർത്തൽ തീർന്ന ഉടൻ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി


ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുമോ എന്നതിൽ സംശയമേ വേണ്ടെന്ന്‌ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. താൽക്കാലിക വെടിനിർത്തൽ തീർന്ന ഉടൻ ആക്രമണം പുനരാരംഭിക്കുമെന്നും ബുധനാഴ്ച വീഡിയോ സന്ദേശത്തിൽ നെതന്യാഹു പറഞ്ഞു. വെടിനിർത്തൽ കൂടുതൽ ദിവസത്തേക്ക്‌ നീട്ടാനുള്ള ചർച്ചകൾ ഖത്തറിന്റെ മാധ്യസ്ഥ്യത്തിൽ തുടരുന്നതിനിടെയാണ്‌ പ്രഖ്യാപനം. നാലുദിവസത്തേക്കുകൂടി വെടിനിർത്തൽ നീട്ടണമെന്ന്‌ ഹമാസ്‌ അഭ്യർഥിച്ചിരുന്നു. ഹമാസിനെ ഉന്മൂലനം ചെയ്യുക, ബന്ദികളെയെല്ലാം മോചിപ്പിക്കുക, ഗാസ ഇസ്രയേലിന്‌ ഭീഷണിയല്ലെന്ന്‌ ഉറപ്പുവരുത്തുക എന്നീ മൂന്ന്‌ ലക്ഷ്യവും പൂർത്തീകരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ്‌ ബുധനാഴ്ച നെതന്യാഹു പറഞ്ഞത്‌. തീരുമാനത്തിന്‌ മന്ത്രിസഭയുടെയും യുദ്ധമന്ത്രിസഭയുടെയും പൂർണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ നിരന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്‌ ഇസ്രയേലിനോട്‌ ഐക്യരാഷ്ട്ര സംഘടനയടക്കം ആവശ്യപ്പെട്ടിട്ടുണ്ട്‌. 

കൂടുതൽ ബന്ദികളെ മോചിപ്പിച്ച്‌ വെടിനിർത്തൽ നീട്ടാമെന്ന്‌ ചർച്ചകൾക്ക്‌ മുൻകൈയെടുക്കുന്ന ഖത്തറും ഈജിപ്തും പ്രതീക്ഷിക്കുന്നു. എന്നാൽ, പത്തുദിവസത്തിനപ്പുറം വെടിനിർത്തൽ സാധ്യമല്ലെന്നതിൽ ഉറച്ചുനിൽക്കുകയാണ്‌ ഇസ്രയേൽ. അതിനിടെ, വെസ്റ്റ്‌ ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ടു കുട്ടികളടക്കം നാലുപേർ കൊല്ലപ്പെട്ടു. ഭീകരർക്കായി തിരച്ചിൽ എന്ന പേരിൽ ടാങ്കുകൾ ഉൾപ്പെടെ വൻ സന്നാഹങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ചൊവ്വാഴ്ച രണ്ടു റഷ്യൻ പൗരരെയും പത്ത്‌ ഇസ്രയേലി ബന്ദികളെയും ഹമാസ്‌ വിട്ടയച്ചിരുന്നു. 30 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ചർച്ചകളിൽ ധാരണയായില്ലെങ്കിൽ വെടിനിർത്തൽ ബുധൻ രാത്രി അവസാനിക്കും. അതിനുമുമ്പായി ബന്ദികളുടെയും തടവുകാരുടെയും അവസാനഘട്ട കൈമാറ്റത്തിനുള്ള ചർച്ചകൾ ബുധൻ രാത്രി വൈകിയും തുടർന്നു.

article-image

sdfds

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed