ഗസ്സയിൽ വെടിനിർത്തൽ നീളാൻ സാധ്യത
ആറു ദിവസത്തെ താൽക്കാലിക ഇടവേള ഇന്ന് അവസാനിക്കാനിരിക്കെ, ഗസ്സയിൽ വെടിനിർത്തൽ നീളാൻ സാധ്യത. കൂടുതൽ ബന്ദികളെയും തടവുകാരെയും കൈമാറുന്നത് സംബന്ധിച്ച് ഹമാസും ഇസ്രായേലും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. മൊസാദ് മേധാവി ഡേവിഡ് ബാർനിയ, സി.ഐ.എ തലവൻ വില്യം ബേൺസ് എന്നിവർ ഖത്തറിൽ നിർണായക മധ്യസ്ഥ ചർച്ച നടത്തുകയാണ്. താൽക്കാലിക വെടിനിർത്തലിന്റെ അഞ്ചാം ദിവസമായ ഇന്നലെ രാത്രി 10 ബന്ദികളെ കൂടി ഹമാസ് ഇസ്രായേലിന് കൈമാറി. ഉപാധികളില്ലാതെ രണ്ട് തായ് ബന്ദികളെയും ഹമാസ് വിട്ടയച്ചു. പകരം 30 ഫലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. ഇവരിൽ 15 സ്ത്രീകളും 15 കുട്ടികളുമാണുള്ളത്. നിത്യവും 10 ബന്ദികളെ വിട്ടയച്ചാൽ വെടിനിർത്തൽ നീട്ടാമെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. എന്നാൽ ബന്ദികളായ സ്ത്രീകളെയും കുട്ടികളെയും ഏറെക്കുറെ കൈമാറിയ സാഹചര്യത്തിൽ കൂടുതൽ ഉപാധികൾ വെടിനിർത്തലിന്റെ ഭാഗമായി വേണമെന്ന നിർദേശം ഹമാസ് മുന്നോട്ടു വെച്ചിട്ടുണ്ട്.
സമഗ്ര വെടിനിർത്തൽ എന്ന ആശത്തെ ഇസ്രായേൽ അംഗീകരിക്കുന്നില്ല. ഹമാസിനെ തുരത്താതെ ഗസ്സ വിടില്ലെന്നാണ് ഇസ്രായേൽ സൈനിക ഭീഷണി. ഗസ്സയുടെ 80 ശതമാനവും തങ്ങളുടെ തന്നെ നിയന്ത്രണത്തിലാണെന്നും അതിശക്തമായ ചെറുത്തുനിൽപ്പിന് പോരാളികൾ സജ്ജമാണെന്ന് ഹമാസ് സൈനിക വിഭാഗവും മുന്നറിയിപ്പ് നൽകി.ബന്ദികളിൽ വയോധികർ, വനിതാ സൈനികർ, സൈനികസേവനം ചെയ്യുന്ന സിവിലിയന്മാർ തുടങ്ങിയവരെ അടുത്തഘട്ടത്തിൽ മോചിപ്പിക്കുന്നതിനെക്കുറിച്ചാണ് സി.ഐ.എ, മൊസാദ് മേധാവികളുമായി ഖത്തറിൽ ചർച്ചനടക്കുന്നതെന്ന് ‘റോയിട്ടേഴ്സ്’ റിപ്പോർട്ട് ചെയ്തു. അതിനിടെ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15,000 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ertdy