സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കാതെ ഇസ്രായേലിന് സമാധാനമോ സുരക്ഷിതത്വമോ ഉണ്ടാകില്ലെന്ന് ജോസെപ് ബോറെൽ


സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കാതെ ഇസ്രായേലിന് സമാധാനമോ സുരക്ഷിതത്വമോ ഉണ്ടാകില്ലെന്ന് യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ. യൂറോപ്പും അറബ് ലോകവും തമ്മിലെ സഹകരണത്തിനായി രൂപം നൽകിയ ഫോറം ഓഫ് ദി യൂനിയൻ ഫോർ ദി മെഡിറ്ററേനിയന്റെ (യുഎഫ്എം) പ്രതിനിധി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പാനിഷ് നഗരമായ ബാഴ്സലോണയിൽ തിങ്കളാഴ്ചയാണ് യൂറോപ്യൻ യൂനിയൻ, അറബ് രാജ്യങ്ങൾ എന്നിവയുടെ പ്രതിനിധികളുടെ യോഗം തുടങ്ങിയത്. ഇസ്രായേൽ−ഫലസ്തീൻ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുമായി ചേരുന്ന യോഗത്തിൽ ഏകദേശം 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ‘ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സംഘട്ടനങ്ങളുടെയെല്ലാം അവസാനം സമാധാനത്തിന്റെ ചക്രവാളത്തിലേക്ക് നയിക്കുന്ന നിമിഷത്തിന് സാക്ഷ്യം വഹിക്കാറുണ്ട്. ഞെട്ടലുകൾക്കും വൈകാരികതക്കും അപ്പുറം ഇരുവിഭാഗം ജനങ്ങളും സമാധാനത്തിന് പ്രതിജ്ഞാബദ്ധരാണ്. ഹമാസ് വെറുമൊരു സംഘടന എന്നതിലുപരി, അതൊരു ആശയമാണ്.  അതേക്കാൾ മികച്ച ഒരു ആശയം പകരം വെക്കാതെ നിങ്ങൾക്ക് ഒരു ആശയത്തെ ഇല്ലാതാക്കാൻ കഴിയില്ല. ഹമാസിന്റെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ, രാഷ്ട്രപദവി ഉറപ്പുനൽകുന്ന നൽകുന്ന വിശ്വസനീയമായ  രാഷ്ട്രീയ സാധ്യത ഫലസ്തീനികൾക്ക് നൽകാൻ കഴിയണം’ −ബോറെൽ പറഞ്ഞു.  

യോഗത്തിൽ ഫ്രാൻസ്, ജർമനി, ഇറ്റലി, ബെൽജിയം അടക്കം യൂറോപ്യൻ രാജ്യങ്ങളും ഈജിപ്ത്, തുർക്കി, തുനീഷ്യ, ലബനാൻ, മൊറോകോ തുടങ്ങി അറബ് രാജ്യങ്ങളും പ്രതിനിധികളെ അയച്ചിട്ടുണ്ട്. എന്നാൽ, സ്ഥാപക അംഗമായ ഇസ്രായേൽ ഇതിൽ പങ്കെടുക്കുന്നില്ല. യോഗ അജണ്ട തങ്ങൾക്കെതിരായി മാറ്റിയെന്നും നെതന്യാഹു സർക്കാറിനെ കുരുക്കാനുള്ള കെണിയാകുമെന്നും ആരോപിച്ചാണ് കഴിഞ്ഞദിവസം അവർ പിന്മാറ്റം പ്രഖ്യാപിച്ചിത്. ഇസ്രായേലിനെതിരെ യൂറോപ്പിൽ വികാരം ശക്തമാണെങ്കിലും ജർമനി വെടിനിർത്തൽ വേണ്ടെന്ന നിലപാടുകാരാണ്. താൽക്കാലിക ഇടവേള മാത്രം മതിയെന്നും ഹമാസിനെ ഇല്ലാതാക്കൽ അവർക്ക് അവകാശമുണ്ടെന്നും ജർമനി കരുതുന്നു. ഇത് മുൻനിർത്തി വെടിനിർത്തലിന് പൊതു പ്രഖ്യാപനം ഉണ്ടാകാൻ സാധ്യത വിരളമാണ്. എന്നാൽ, ദ്വിരാഷ്ട്ര പരിഹാരത്തിനായി അംഗരാജ്യങ്ങളെല്ലാം ആവശ്യപ്പെടുന്നുണ്ട്.  ഗസ്സയിലെ വെടിനിർത്തൽ ദീർഘിപ്പിക്കണമെന്ന് യോഗത്തിനെത്തിയ ഫലസ്തീൻ പ്രതിനിധി റിയാദ് അൽമാലികി ആവശ്യപ്പെട്ടു. ഇനിയും നിരപരാധികളെ കുരുതി നടത്തുന്നത് തുടരാതിരിക്കാൻ ഇസ്രായേലിനു മേൽ കടുത്ത സമ്മർദം ചെലുത്തണമെന്നും ഇല്ലാത്തപക്ഷം ഇനിയും മൃതദേഹങ്ങൾ എണ്ണുന്നത് തുടരേണ്ടിവരുമെന്നും അദ്ദേഹം തുടർന്നു.

article-image

sdfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed