ഹമാസ് സൈനികരോട് പുഞ്ചിരിയോടെ യാത്ര പറഞ്ഞ് ബന്ദികൾ

രണ്ടാംഘട്ട ബന്ദിമോചനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഹമാസ്. റെഡ്‌ക്രോസിന് ബന്ദികളെ കൈമാറുന്ന ദൃശ്യങ്ങളാണ് ഖസ്സാം ബ്രിഗേഡ് ടെലഗ്രാം ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. കുട്ടികളും പ്രായമായവരും സംഘത്തിലുണ്ട്. ചിരിച്ചുകൊണ്ടാണ് ഇവർ ഖസ്സാം സൈനികർക്കൊപ്പം അതിർത്തിയിലേക്കു പോകുന്നത്. സന്നദ്ധപ്രവർത്തകർക്കൊപ്പം ചേർന്ന ശേഷം ഖസ്സാം അംഗങ്ങളെ എല്ലാവരും കൈവീശി അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പുഞ്ചിരിയോടെ യാത്രപറഞ്ഞാണു പലരും റെഡ്‌ക്രോസ് വാഹനത്തിൽ നാട്ടിലേക്കു തിരിച്ചത്. ബന്ദിമോചന കരാറിന്റെ രണ്ടാംഘട്ടമായി 17 പേരെയാണ് ഹമാസ് ഇന്ന് ഇസ്രായേലിനു കൈമാറിയത്. ഇതിൽ 13 പേർ ഇസ്രായേലികളും നാലുപേർ തായ്‌ലൻഡ് പൗരന്മാന്മാരുമാണ്. കെറെം ഷാലോം വഴിയാണ് ഇവർ ഇസ്രായേൽ അതിർത്തിയിലേക്കു കടന്നത്. സൈനിക വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ ഇവിടെനിന്ന് കൊണ്ടുപോയ ശേഷം സൊറോക, ഷെബ, അസ്സാഫ് ഹറോഫെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരെ.
പുതുതായി മോചിപ്പിക്കാനിരിക്കുന്ന തങ്ങളുടെ പൗരന്മാരുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ അറിയിച്ചു. താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെ വെള്ളിയാഴ്ച മുതലാണ് ഹമാസ് ഇസ്രായേലിൽനിന്നു ബന്ദികളാക്കിയവരെ മോചിപ്പിച്ചുതുടങ്ങിയത്. പകരമായി നിരവധി ഫലസ്തീനികളെയും ഇസ്രായേൽ മോചിപ്പിച്ചു. ഒക്ടോബർ ഏഴിനു ശേഷം ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15,000ത്തോടടുക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം 14,854 ആണ് ഗസ്സയിലെ മരണസംഖ്യ. ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1,200 പേരും കൊല്ലപ്പെട്ടു.
്ിേ്ി