ഇസ്രയേല്‍ 39 പലസ്തീൻ തടവുകാരെയും ഹമാസ് 24 ബന്ദികളെയും വിട്ടയച്ചു
ഗാസസിറ്റി: 48 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം ഗാസയില്‍ ആശ്വാസത്തിന്‍റെ മണിക്കൂറുകള്‍. നാല് ദിവസത്തെ താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ബന്ദികളുടെ കൈമാറ്റം പുരോഗമിക്കുകയാണ്. 39 പലസ്തീൻ തടവുകാരെ വിട്ടയച്ചതിന് പകരമായി 24 ബന്ദികളെ ഹമാസ് വിട്ടയച്ചു. വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ബന്ദികളുടെ മോചനം തുടങ്ങിയത്.
24 ബന്ദികളെ റെഡ്ക്രോസ് വഴിയാണ് ഹമാസ് കൈമാറിയത്. ഇതിൽ സ്ത്രീകളും കുട്ടികളുമടങ്ങിയ 13 ഇസ്രയേലികൾ, പത്ത് തായ്ലാൻഡ് പൗരന്മാർ, ഒരു ഫിലിപ്പീൻസ് പൗരന്‍ എന്നിവർ ഉൾപ്പെടുന്നു. 24 സ്ത്രീകളും 15 കുട്ടികളുമടങ്ങുന്ന 39 പലസതീനികളെയാണ് ഇസ്രയേൽ മോചിപ്പിച്ചത്. നാല് ദിവസത്തിന് ശേഷം ആക്രമണം പുനരാരംഭിക്കുമെന്നാണ് ഇരുപക്ഷത്തിന്റെയും നിലപാട്.
പ്രതിദിനം പത്ത് പേർ എന്ന കണക്കിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കുകയാണെങ്കിൽ വെടിനിർത്തൽ നീട്ടാമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞതായും റിപ്പോർട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയിലേക്കുളള മാനുഷിക സഹായങ്ങളുടെ വിതരണവും ആരംഭിച്ചു. മരുന്നും അവശ്യ സാധനങ്ങളുമായാണ് ഗാസയിലേക്ക് ട്രക്കുകൾ എത്തുന്നത്. ഓരോ ദിവസവും 300 ട്രക്ക് അവശ്യ സാധനങ്ങളും ഒരു ലക്ഷത്തിലധികം ലിറ്റർ ഇന്ധനവും ഈജിപ്ത് വഴി എത്തിക്കാനാണ് നിലവിലെ ശ്രമം. ഇന്ധനമെത്തുന്നതോടെ ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
പ്രത്യാശയുടെ നുറുങ്ങുവെട്ടം എന്നാണ് വെടിനിർത്തലിനെ ഖത്തർ വിശേഷിപ്പിച്ചത്. സാഹചര്യം നിരീക്ഷിക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചു.
adsadsadsadsads