ഗാസയിലെ അൽഷിഫ ആശുപത്രി സംരക്ഷിക്കപ്പെടണമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ


ഗാസയിലെ അൽഷിഫ ആശുപത്രി സംരക്ഷിക്കപ്പെടണമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. ആശുപത്രിക്കു പുറത്ത് പോരാട്ടം രൂക്ഷമായ പശ്ചാത്തലത്തിലാണു ബൈഡൻ ഇതു പറഞ്ഞത്. ഗാസയിലെ ജനങ്ങളെ സംരക്ഷിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കും ആവശ്യപ്പെട്ടു. അൽഷിഫ ആശുപത്രി സെമിത്തേരിക്കു തുല്യമായെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി. ആശുപത്രിക്കുള്ളിലും പുറത്തും മൃതദേഹങ്ങൾ കുന്നുകൂടുകയാണ്. മാസംതികയാതെ ജനിച്ച ഡസൻകണക്കിനു കുഞ്ഞുങ്ങളും ഡയാലിസിസ് ആവശ്യമുള്ള 45 വൃക്കരോഗികളും അപകടനില നേരിടുന്നതായും സംഘടന പറഞ്ഞു. അൽഷിഫയിലെ സ്ഥിതിവിശേഷത്തിൽ മാറ്റമില്ലെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. എല്ലാവശത്തുനിന്നും ടാങ്കുകൾ ആശുപത്രിയെ വളഞ്ഞിരിക്കുന്നു. ഇസ്രേലി നേതാക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നും ആശുപത്രി പരിസരത്ത് രൂക്ഷപോരാട്ടമുണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നതായും ബൈഡൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. 

ഹമാസ് ഭീകരർ ആശുപത്രിയെ കമാൻഡ് പോസ്റ്റ് ആയി ഉപയോഗിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെന്‍റ് വക്താവ് മാത്യൂ മില്ലർ പറഞ്ഞു. ഹമാസുകാർ ആശുപത്രി ഒഴിഞ്ഞുപോകണം. ഹമാസിന്‍റെ പക്കലുള്ള ഇന്ധനം ആശുപത്രി നടത്താൻ നൽകണമെന്നും മില്ലർ ആവശ്യപ്പെട്ടു. ഹമാസുമായുള്ള യുദ്ധത്തിൽ പലസ്തീൻ ജനതയുടെ സംരക്ഷണത്തിനു കൂടുതൽ നടപടികൾ എടുക്കണമെന്നും അന്താരാഷ്‌ട്ര നിയമങ്ങൾ പാലിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ആശുപത്രിക്ക് 300 ലിറ്റർ ഇന്ധനം എത്തിക്കാൻ ഇസ്രേലി സേന ശ്രമം നടത്തിയെങ്കിലും ഹമാസ് സ്വീകരിച്ചില്ലെന്ന് ഇസ്രയേൽ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 

അൽഷിഫയിലെ നവജാത ശിശുക്കൾക്കായി ഇസ്രേലി ആശുപത്രിയിൽനിന്ന് ഇൻക്യുബേറ്ററുകൾ എത്തിക്കുന്നതായി ഇസ്രേലി സേന അറിയിച്ചു. അൽഷിഫ ആശുപത്രിക്കു താഴെ ഹമാസിന്‍റെ ഭൂഗർഭ ആസ്ഥാനമുണ്ടെന്നാണ് ഇസ്രയേൽ പറയുന്നത്. ഇതിനിടെ, ഗാസയിലെ അൽ റാന്‍റിസി കുട്ടികളുടെ ആശുപത്രിക്ക് 200 മീറ്റർ അടുത്തുള്ള ഹമാസ് തുരങ്കത്തിന്‍റെ വീഡിയോ ഇസ്രയേൽ പുറത്തുവിട്ടു. ഈ തുരങ്കം ആശുപത്രിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഇസ്രേലി സേന പറഞ്ഞു. അശുപത്രി ബേസ്മെന്‍റ് മുറികളിലെ ആയുധശേഖരം വീഡിയോയിൽ കാണാം. ഇസ്രയേലിൽനിന്നു തട്ടിക്കൊണ്ടുപോയ ബന്ദികളിൽ ചിലരെ ഇവടെ തടവിലിട്ടിരുന്നതിന്‍റെ തെളിവുകളും കാണിക്കുന്നുണ്ട്.

article-image

asdf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed