ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയുടെ പ്രവർത്തനം നിലച്ചതായി ലോകാരോഗ്യ സംഘടന


ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയുടെ പ്രവർത്തനം നിലച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. മാസം തികയാതെ ജനിച്ച ഒരു ശിശുവും മറ്റു രണ്ടു പേരുംകൂടി അൽഷിഫയിൽ മരിച്ചതായി ഗാസയിലെ ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചു. ഇതോടെ ആശുപത്രിയിൽ മരിച്ച ശിശുക്കളുടെ എണ്ണം ആറും മറ്റുള്ളവരുടെ എണ്ണം ഒന്പതും ആയി. അൽഷിഫയിൽ മൂന്നു നഴ്സുമാർ കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്രസഭ സ്ഥിരീകരിച്ചിട്ടുണ്ട്. അൽഷിഫ മാത്രമല്ല, വടക്കൻ ഗാസയിലെ ഒരാശുപത്രിയും പ്രവർത്തിക്കുന്നില്ലെന്നു ഡെപ്യൂട്ടി ആരോഗ്യമന്ത്രി യൂസഫ് അബു റിഷ് പറഞ്ഞു. അൽഷിഫയിൽ ചികിത്സയിലുള്ള നൂറുകണക്കിനു രോഗികളുടെയും അഭയം തേടിയിട്ടുള്ള ആയിരങ്ങളുടെയും നില അതീവഗുരുതരമാണ്. അൽഷിഫ ആശുപത്രിയുടെ പ്രവർത്തനം നിലച്ചിട്ടില്ലെന്ന് ഇസ്രേലി പ്രസിഡന്‍റ് ഐസക് ഹെർസോഗ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ആശുപത്രിയിലെ ശിശുക്കളെ ഒഴിപ്പിച്ചുമാറ്റാൻ സഹായിക്കുമെന്ന് ഇസ്രേലി സേന കഴിഞ്ഞദിവസം അറിയിച്ചെങ്കിലും അത് സംഭവച്ചിട്ടില്ല. 36 നവജാതർകൂടി അൽഷിഫയിലുണ്ട്. 

ഐസിയു പരിചരണം ആവശ്യമുള്ള ശിശുക്കളുടെ നില അതീവ ഉത്കണ്ഠാജനകമാണെന്ന് ഡോക്‌ടർമാർ പറഞ്ഞു. ഇതിനിടെ ഗാസാസിറ്റി ഉൾപ്പെടുന്ന വടക്കൻ ഗാസയിൽ ഇസ്രേലി സേനയും ഹമാസ് ഭീകരരും തമ്മിൽ ഉഗ്രയുദ്ധം തുടരുകയാണ്. ഇതുവരെ 4300 വ്യോമാക്രമണങ്ങൾ നടത്തിയെന്നും 3,000 ഭീകരതാവളങ്ങൾ നശിപ്പിച്ചെന്നും ഇസ്രേലി സേന അറിയിച്ചു. അൽഷിഫ ആശുപത്രിക്കു സമീപം നിലയ്ക്കാത്ത ഏറ്റുമുട്ടൽ നടക്കുന്നതായി ലോകാരോഗ്യ സംഘടനാ മേധാവി ഡോ. തെദ്രോസ് ഗെബ്രെയേസൂസ് അറിയിച്ചു. ആശുപത്രിയിലെ പ്രസവവാർഡ്, ഓക്സിജൻ ഉത്പാദന കേന്ദ്രം, ജലസംഭരണി മുതലായവയ്ക്കു കേടുപാടുണ്ടായെന്ന് യുഎൻ അറിയിച്ചു. 

article-image

dscfdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed