ഇസ്രേലി സേന 30 ഹമാസ് പോരാളികളെ വധിച്ചു
ഗാസയിൽ ഹമാസിന്‍റെ തുരങ്കങ്ങളിലേക്കു കടന്ന് ആക്രമണം ശക്തമാക്കി ഇസ്രേലി സേന. 30 ഹമാസ് ഭീകരരെ വധിച്ച ഇസ്രേലി സേന വൻ ആയുധശേഖരം പിടിച്ചെടുത്തു. ഗാസ സിറ്റിയിലെ അൽ−ഷിഫ, അൽ−ഖുദ്സ്, ഇന്തോനേഷ്യൻ ഹോസ്പിറ്റൽ എന്നീ ആശുപത്രികൾ ഇസ്രേലി ടാങ്കുകൾ വളഞ്ഞെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അൽ−ഷിഫയ്ക്കു സമീപം ആക്രമണം നടത്തിയെന്ന് ഇസ്രയേലും സ്ഥിരീകരിച്ചു. ഗാസയിലെ ആശുപത്രികളുടെ അടിയിലാണ് ഹമാസ് കമാൻഡ് കേന്ദ്രങ്ങളെന്ന് ഇസ്രയേൽ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആശുപത്രികളിൽ ആയിരക്കണക്കിനു നാട്ടുകാർ അഭയം തേടിയിട്ടുണ്ട്.
ഹമാസ് നേതാവ് യഹ്യ സിൻവാറിന്‍റെ സഹോദരൻ മുഹമ്മദ് സിൻവാറിന്‍റെ ഓഫീസുകളിലും ഇസ്രേലി സേന നത്തിയ റെയ്ഡിൽ ആയുധങ്ങൾ പിടികൂടി. ഒക്ടോബർ ഏഴിനു ശേഷം ഗാസയിൽ 15,000 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്നും 6,000 ആയുധങ്ങൾ പിടിച്ചെടുത്തെന്നും ഐഡിഎഫ് അറിയിച്ചു. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11.078 ആയി. ഇതിൽ 7500 സ്ത്രീകളും കുട്ടികളുമാണ്. ഗാസയുടെ വടക്കൻ മേഖലയിൽനിന്ന് തെക്കോട്ട് ജനങ്ങളുടെ കൂട്ടപ്പലായനം തുടരുന്നു. വടക്കൻ ഗാസയിലെ 11 ലക്ഷം പേരിൽ 8.5 ലക്ഷം പേർ ഒഴിഞ്ഞുപോയതായാണ് ഇസ്രയേൽ കണക്കാക്കുന്നത്. ഇതിനിടെ, ഗാസയിൽ വെടിനിർത്തലിനായി ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൾ ഫത്തേ അൽ സിസിയും ഖത്തർ അമീർ ഷേക്ക് തമീം ബിൻ ഹമദ് അൽ താനിയും ഇന്നലെ ചർച്ച നടത്തി.
ോേ്േോ്