ലോകത്തിലെ ആദ്യ പൂർണ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം
ലോകത്തിലെ ആദ്യ പൂർണ കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. ന്യൂയോർക്ക് സ്വദേശിയായ ആരോണ്‍ ജയിംസ് (46) ആണ് പൂർണമായും മാറ്റിവച്ച കണ്ണുമായി ജീവിക്കുന്ന ലോകത്തെ ആദ്യ മനുഷ്യൻ. ദാതാവിന്‍റെ മുഖത്തിന്‍റെ ഭാഗവും ഇടതുകണ്ണ് മുഴുവനായും നീക്കം ചെയ്ത് സ്വീകർത്താവിൽ വച്ചുപിടിപ്പിക്കുന്നതായിരുന്നു ശസ്ത്രക്രിയ. ന്യൂയോർക്കിലെ ലാങ്കോണ്‍ ഹെൽത്തിലാണ് സങ്കീർണമായ ഈ ശസ്ത്രക്രിയ നടന്നത്. ഇക്കഴിഞ്ഞ മേയിൽ ആണ് 21 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ആരോണിന്‍റെ മുഖത്ത് ഇടതുകണ്ണ് വച്ചുപിടിപ്പിച്ചത്. 140 വിദഗ്ധ ഡോക്ടർമാരുടെ ശ്രമഫലമായാണു ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാനായത്. ഒരു പവർ ലൈൻ കന്പനിയിൽ ജോലി ചെയ്യുന്നതിനിടെ 2021 ജൂണിലാണ് ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതാഘാതമേറ്റതിനെത്തുടർന്ന് ആരോണിന്‍റെ ഇടതുകണ്ണ് നഷ്ടമായത്. ഇടത് കൈമുട്ട്, മൂക്ക്, ചുണ്ട്, മുൻപല്ലുകൾ, കവിൾ ഭാഗം, കീഴ്ത്താടിയിലെ അസ്ഥി എന്നിവയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മരണത്തിന്‍റെ വക്കിലെത്തിയ ആരോണിന്‍റെ പിന്നീടുള്ള ജീവിതം ഫെയ്സ് മാസ്കും ഐ പാച്ചും ധരിച്ചായിരുന്നു. ആരോണിന്‍റെ വലതുകണ്ണ് പ്രവർത്തിക്കുന്നുണ്ടെന്നും ഇതുവരെ പൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ അറിയിച്ചു.
തുന്നിച്ചേർത്ത ഇടതുകണ്ണ് നിലവിൽ തലച്ചോറിലേക്കു വിവരങ്ങളൊന്നും കൈമാറുന്ന സ്ഥിതിയിലല്ല. പക്ഷേ പുറമേനിന്ന് കാണുന്നവർക്ക് ആരോണിന്‍റെ കണ്ണിന് കാഴ്ചശക്തിയില്ലെന്നു തോന്നുകയുമില്ല. സാധാരണ കണ്ണുപോലെ തോന്നിക്കും. ശസ്ത്രക്രിയ പൂർണ വിജയമാണെന്ന് അവകാശപ്പെടുന്നില്ലെന്നും എന്നാൽ ഇതൊരു പുതിയ തുടക്കമാകുമെന്നും ട്രാൻസ്പ്ലാന്‍റിന് നേതൃത്വം നൽകിയ എൻവൈയുവിന്‍റെ പ്ലാസ്റ്റിക് സർജറി മേധാവി ഡോ. എഡ്വാർഡോ റോഡ്രിഗസ് പറഞ്ഞു. കണ്ണ് ചലിപ്പിക്കാൻ കഴിയുന്നില്ലെങ്കിലും സ്പർശനം അറിയുന്നുണ്ടെന്ന് ആരോൺ പറഞ്ഞു. മുൻ സൈനികനായിരുന്ന ആരോണിന്‍റെ ആരോഗ്യനില സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. കണ്ണിന്‍റെ ആദ്യപാളിയായ കോർണിയ മാത്രമാണ് ഇതുവരെ വിജയകരമായി മാറ്റിവയ്ക്കാൻ കഴിഞ്ഞിരുന്നത്. മുപ്പതുകാരന്‍റെ കണ്ണും ത്വക്കുമാണ് ആരോണിന്‍റെ മുഖത്ത് വച്ചുപിടിപ്പിച്ചത്. ദാതാവിന്‍റെ വൃക്കകൾ, കരൾ, പാൻക്രിയാസ് എന്നിവ മറ്റു മൂന്നു പേർക്കു നൽകി.
േ്ിേി