ഹമാസ് ശക്തികേന്ദ്രം പിടിച്ചെടുത്ത് ഇസ്രേലി സേന
ഇസ്രയേൽ−ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ വെസ്റ്റ് ജബലിയയിൽ ഹമാസ് ശക്തികേന്ദ്രം പിടിച്ചെടുത്ത് ഇസ്രേലി സേന. പത്തു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഹമാസ് ശക്തികേന്ദ്രം പിടിച്ചെടുത്ത് ഗാസാ സിറ്റിയുടെ ഹൃദയഭാഗത്തേക്കു മുന്നേറിയ ഇസ്രേലി സൈന്യം 50 ഹമാസ് തീവ്രവാദികളെ വധിച്ചു. ഗാസ സിറ്റിയിലെ അൽ ഖുദ്സ് ആശുപത്രിക്കു സമീപം ഇസ്രയേലും ഹമാസും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്നതായി റിപ്പോർട്ടുണ്ട്. 14,000 പ്രദേശവാസികൾ അഭയം തേടിയ ഈ ആശുപത്രിയിൽ നൂറിലേറെ രോഗികളുണ്ട്. ഇസ്രയേലിന്‍റെ നഹൽ ഇൻഫൻട്രി ബ്രിഗേഡ് അംഗങ്ങളാണ് “ഔട്ട്പോസ്റ്റ് 17’എന്നറിയപ്പെടുന്ന ഹമാസ് ശക്തികേന്ദ്രം പിടിച്ചെടുത്തത്.
മധ്യ ഗാസയിൽ ഹമാസിന്‍റെ ടാങ്ക് വേധ മിസൈൽ ആക്രമണത്തിനു ചുക്കാൻ പിടിച്ചിരുന്ന ഉന്നത ഹമാസ് കമാൻഡർ ഇബ്രാഹിം അബു മഘ്സിബിനെ ഐഡിഎഫ് വധിച്ചു. ഗാസ സിറ്റിയിലെ ഷേക്ക് റദ്‌വാനിൽ പാർപ്പിടസമുച്ചയത്തിനുള്ളിലുള്ള ഹമാസിന്‍റെ ഡ്രോണ്‍ നിർമാണശാലയും ആയുധ ഡിപ്പോയും ഇസ്രേലി സേന കണ്ടെത്തി. ഇതിന്‍റെ വീഡിയോ ഐഡിഎഫ് പുറത്തുവിട്ടു. വടക്കൻ ഗാസയിൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തലിനു ഇസ്രയേൽ സമ്മതിച്ചെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. സാധാരണക്കാർക്ക് ഒഴിഞ്ഞുപോകാനും അവശ്യവസ്തുക്കൾ എത്തിക്കാനുമാണു വെടിനിർത്തൽ.
അതേസമയം, ഇസ്രേലി ടാങ്കുകളും വാഹനങ്ങളും ബുൾഡോസറും നശിപ്പിച്ചതായി ഹമാസിന്‍റെ സൈനികവിഭാഗമായ അൽ−ഖാസം ബ്രിഗേഡ്സ് അവകാശപ്പെട്ടു. ഇസ്രയേൽ നഗരമായ അഷ്ദോദിലേക്കു ഹമാസ് റോക്കറ്റ് ആക്രമണം നടത്തി. ഇതിനിടെ, വടക്കൻ ഗാസയിൽനിന്നു തെക്കൻഭാഗത്തേക്കു കൂട്ടപ്പലായനം തുടരുകയാണ്. ബുധനാഴ്ച 50,000 പേർ തെക്കൻഗാസയിലെത്തി. ഇസ്രയേൽ സുരക്ഷിത റൂട്ടെന്നു പ്രഖ്യാപിച്ച പാതയിൽ മൃതദേഹങ്ങൾ കിടക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഗാസയിൽനിന്ന് ഈജിപ്റ്റിലേക്കുള്ള പ്രവേശനകവാടമായ റാഫ ക്രോസിംഗ് ഇന്നലെ രാവിലെ അടച്ചു. പരിക്കേറ്റ കൂടുതൽ പേരെ റാഫ വഴി പോകാൻ അനുവദിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ഗാസയിൽ മൂന്നു ദിവസത്തേക്കു വെടിനിർത്തലിനുള്ള ചർച്ചകൾ നയതന്ത്രതലത്തിൽ ഊർജിതമായി. പാശ്ചാത്യമാധ്യങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബന്ദികളിൽ ഏതാനും പേരെ മോചിപ്പിക്കുന്നതിനു പകരമായി ഇസ്രേലി സേന മൂന്നു ദിവസം വരെ ആക്രമണം നിർത്തി ഗാസയിൽ കൂടുതൽ സഹായം എത്താൻ അനുവദിക്കുക എന്ന ആശയമാണ് ചർച്ച ചെയ്യുന്നത്. ഗാസയിൽ കൊല്ലപ്പെട്ടത് 10,812 പേരാണ്. ഇവരിൽ 4412 കുട്ടികളുണ്ട്. ഗാസയിൽ 243 പേർ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രേലി റെയ്ഡിൽ എട്ടു പേർ കൊല്ലപ്പെട്ടു.
gfdgdg