ആഗോളതലത്തിൽ വീടും നാടും ഉപേക്ഷിച്ച് കുടിയിറക്കപ്പെട്ടവരുടെ എണ്ണം 114 ദശലക്ഷം കവിഞ്ഞതായി ഐക്യരാഷ്ട്രസഭ


ആഗോളതലത്തിൽ യുദ്ധം, പീഡനം, അക്രമം, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ കാരണം വീടും നാടും ഉപേക്ഷിച്ച് കുടിയിറക്കപ്പെട്ടവരുടെ എണ്ണം 2023 സെപ്റ്റംബർ അവസാനത്തോടെ 114 ദശലക്ഷം കവിഞ്ഞതായി ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസി (യു.എൻ.എച്ച്.സി.ആർ) റിപ്പോർട്ട് പറയുന്നു. 2023 ജൂൺ മുതൽ സെപ്റ്റംബർ അവസാനം വരെയുള്ള മൂന്ന് മാസങ്ങളിൽ, നിർബന്ധിതമായി കുടിയിറക്കപ്പെട്ടവരുടെ എണ്ണം നാലു ദശലക്ഷം വർദ്ധിച്ച് മൊത്തം 114 ദശലക്ഷമായതായി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ കണക്കുകൾ റിപ്പോർട്ടിൽ കാണിച്ചിട്ടില്ല. 2023ന്റെ ആദ്യ പകുതിയിലെ പലായനത്തിന്റെ പ്രധാന കാരണങ്ങൾ യുക്രെയ്ൻ, സുഡാൻ, മ്യാൻമർ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളിലെ സംഘർഷങ്ങളായിരുന്നു. അഫ്ഗാനിസ്ഥാനിൽ നീണ്ടുനിൽക്കുന്ന  പ്രതിസന്ധി, സൊമാലിയയിലെ വരൾച്ച, വെള്ളപ്പൊക്കം, അരക്ഷിതാവസ്ഥ എന്നിവയും യു.എൻ.എച്ച്.സി.ആർ പ്രസ്താവനയിൽ എടുത്തു പറയുന്നുണ്ട്.  

ആഗോളതലത്തിൽ സംഘട്ടനങ്ങൾ പെരുകുന്നത് നിരപരാധികളുടെ ജീവിതങ്ങളെ തകർക്കുകയാണെന്ന്  യു.എൻ. അഭയാർത്ഥി ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു. സംഘർഷങ്ങൾ പരിഹരിക്കുന്നതിനോ പുതിയവ തടയുന്നതിനോ ഉള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കഴിവില്ലായ്മയാണ് പലായനത്തിനും ദുരിതത്തിനും കാരണമാകുന്നത്. പലായനത്തിനിടയിൽ പലർക്കും ജീവാനവഹാനി സംഭവിക്കുന്നുണ്ട്. സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ലോകം ഒരുമിച്ച് പ്രവർത്തിക്കണം. അഭയാർഥികളെയും കുടിയിറക്കപ്പെട്ടവരെയും നാട്ടിലേക്ക് മടങ്ങാനും അവരുടെ ജീവിതം പുനരാരംഭിക്കാനും അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ, ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ 1.6 ദശലക്ഷം പുതിയ വ്യക്തിഗത അഭയ അപേക്ഷകൾ സമർപ്പിക്കപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

article-image

fg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed