യഥാവിധി ശിരോവസ്ത്രം ധരിക്കാത്ത നടിമാർക്ക് സിനിമയിൽ അഭിനയിക്കുന്നതിന് വിലക്കേർപ്പെടുത്തി; ഇറാൻ ഭരണകൂടം
യഥാവിധി ശിരോവസ്ത്രം ധരിക്കാത്ത പത്തു നടിമാർക്ക് സിനിമയിൽ അഭിനയിക്കുന്നതിന് ഇറാൻ ഭരണകൂടം വിലക്കേർപ്പെടുത്തി. ശിരോവസ്ത്രം അലക്ഷ്യമായി ധരിച്ചതിന്‍റെ പേരിൽ കൊല്ലപ്പെട്ട ജിനാമാഷാ അമിനിയുടെ മരണത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തവരാണ് ഇവർ. ഇറാനിലെ പ്രമുഖ സിനിമാതാരങ്ങളായ തരേനെ അലിദുസ്തി, അഫ്സനെ ബയേഗാൻ, കത്തായുൻ റിയാഹി എന്നിവർക്കും നിരോധനമുണ്ടെന്ന് ഹംഷാഹ്റി പത്രം റിപ്പോർട്ട് ചെയ്തു. ജോലിവിലക്കിനെ ന്യായീകരിച്ചുകൊണ്ട് സംസ്കാരത്തിനും ഇസ്ലാമിക മാർഗനിർദേശത്തിനുംവേണ്ടിയുള്ള മന്ത്രി മൊഹമ്മദ് മെഹ്തി ഇസ്മായേലി രംഗത്തു വന്നു. ശിരോവസ്ത്ര നിയമം പാലിക്കാൻ ബാധ്യസ്ഥമാണെന്ന് അദ്ദേഹം അറിയിച്ചു. ശിരോവസ്ത്രത്തിനെതിരായ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് നടിമാരായ അലി ദുസ്തിയും റിയാഹിയും ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു. മറ്റു നടിമാർക്കെതിരേയും കേസുകൾ നടക്കുന്നുണ്ട്.
അഞ്ഞൂറിലേറെപ്പേരാണ് പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്. പ്രക്ഷോഭത്തെത്തുടർന്ന് ശിരോവസ്ത്രധാരണം കർശനമാക്കി നിയമം പാസാക്കിയെങ്കിലും ഉന്നതാധികാരസമിതിയുടെ എതിർപ്പിനെത്തുടർന്നു മാറ്റിവച്ചിരിക്കുകയാണ്. ശരിയായ രീതിയിൽ വസ്ത്രം ധരിക്കാത്തവർക്ക് 15 വർഷം വരെ തടവും അഞ്ചുലക്ഷം രൂപവരെ പിഴയും ലഭിക്കാം. വിദേശികളെ നാടുകടത്തുന്നതിനും നിയമം ശിപാർശ ചെയ്യുന്നു. 40 വർഷത്തിലേറെയായി തുടരുന്ന ശിരോവസ്ത്ര നിയമം ഇറാൻ ഇസ്‌ലാമിക റിപ്പബ്ലിക്കിന്‍റെ അടിസ്ഥാനശിലകളിൽ ഒന്നാണ്.
sdff