നൈജീരിയയിൽ മൂന്നു സന്യാസാർഥികളെ തട്ടിക്കൊണ്ടുപോയി; ഒരാളെ കൊന്നതായി റിപ്പോർട്ട്
![നൈജീരിയയിൽ മൂന്നു സന്യാസാർഥികളെ തട്ടിക്കൊണ്ടുപോയി; ഒരാളെ കൊന്നതായി റിപ്പോർട്ട് നൈജീരിയയിൽ മൂന്നു സന്യാസാർഥികളെ തട്ടിക്കൊണ്ടുപോയി; ഒരാളെ കൊന്നതായി റിപ്പോർട്ട്](https://www.4pmnewsonline.com/admin/post/upload/A_bA7RkdlcP3_2023-10-26_1698305502resized_pic.jpg)
നൈജീരിയയിലെ എറുക്കു ബനഡിക്ടൈൻ ആശ്രമത്തിലെ മൂന്നു സന്യാസാർഥികളെ തട്ടിക്കൊണ്ടുപോയി. ഒരാളെ കൊന്നു പുഴയിലെറിഞ്ഞതായി ഇലോറിൻ രൂപത അഡ്മിനിസ്ട്രേറ്റർ ഫാ. ആൻസലം ലവാനി അറിയിച്ചു. 24ന് ഇറക്കിയ പത്രക്കുറിപ്പിലാണ് അന്തോണി ഈസേ, പീറ്റർ ഒളരേവായു എന്നിവർ മോചിതരായെങ്കിലും ഗോഡ്വിൻ ഈസേ വധിക്കപ്പെട്ടതായി അറിയിച്ചത്. മൂന്നുപേരെയും ഈ മാസം 18നാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. അവരെ നദീതീരത്തെത്തിച്ച് ഒരാളെ കൊന്നശേഷം മറ്റു രണ്ടുപേരെ കാട്ടിലൊളിപ്പിച്ചു ഭീഷണിപ്പെടുത്തുകയും 21നു സ്വതന്ത്രരാക്കുകയുമായിരുന്നു.
എസിഐ വാർത്താ ഏജൻസി നൽകുന്ന വിവരമനുസരിച്ച്, ആശ്രമത്തിലെ അന്തേവാസികളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്. നൈജീരിയയിലെ ഇലോറിൻ രൂപതയും തീവ്ര ഇസ്‌ലാമിക സംഘടനകളായ ഫുലാനികളുടെയും ബോക്കോഹറാമിന്‍റെയും ഭീഷണിയിലാണ്. നൈജർ സംസ്ഥാനത്തു മാത്രം കഴിഞ്ഞ 100 ദിവസങ്ങളിൽ 150 പേർ കൊല്ലപ്പെടുകയുണ്ടായി. ഈ കാലയളവിൽ തട്ടിക്കൊണ്ടുപോകപ്പെട്ട 707 പേരിൽ 200 പേരും നൈജർ സംസ്ഥാനത്തിലാണ്.
dzfx