ഹമാസിനെതിരേ ഇസ്രയേൽ ബോംബാക്രമണം കടുപ്പിച്ചു; 6,500 പേർ ഇതുവരെ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം
ഗാസയിൽ അടിയന്തരമായി ഇന്ധനമെത്തിച്ചില്ലെങ്കിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കേണ്ടിവരുമെന്ന് യുഎൻ ഏജൻസി. ഗാസയിലെ ആശുപത്രികളിൽ ഗുരുതര കേസുകളിൽ മാത്രമേ ചികിത്സ ലഭ്യമാകുന്നുള്ളൂ. ഇന്ധനമില്ലാത്തതുമൂലം പ്രധാന ആശുപത്രികളുടെയെല്ലാം പ്രവർത്തനം നിലച്ചമട്ടാണ്. ഗാസയിൽ ഹമാസിനെതിരേ ഇസ്രയേൽ ബോബാക്രമണം കടുപ്പിച്ചു. 6,500 പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 150 ദുരിതാശ്വാസ ക്യാന്പുകളിലായി ആറു ലക്ഷം പേരാണു കഴിയുന്നത്. ഇതിനിടെ, മധ്യസ്ഥശ്രമവുമായി ഖത്തർ രംഗത്തുണ്ട്. ഖത്തർ പ്രധാനമന്ത്രി ഷേക്ക് മുഹമ്മദ് ബിൻ അബ്ദുൾ റഹ്‌മാൻ അൽ താനിയുടെ മധ്യസ്ഥതയിലാണ് നാലു ബന്ദികളെ ഹമാസ് വിട്ടയച്ചത്. 222 പേരെയാണു തട്ടിക്കൊണ്ടുപോയത്. ഹമാസ് തീവ്രവാദികൾ ഇന്നലെയും ഇസ്രയേലിലേക്കു റോക്കറ്റ് ആക്രമണം നടത്തി. വെസ്റ്റ് ബാങ്കിലും സംഘർഷം രൂക്ഷമാണ്. വെസ്റ്റ് ബാങ്കിൽ ഇതുവരെ 102 പേരാണു കൊല്ലപ്പെട്ടത്. ഇസ്രേലി ആക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടുവെന്നു സിറിയ അറിയിച്ചു. ഹിസ്ബുള്ള, ഹമാസ്, പലസ്തീനിയൻ ഇസ്‌ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനകളിലെ നേതാക്കൾ ഇന്നലെ കൂടിക്കാഴ്ച നടത്തി.
ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ കുറ്റപ്പെടുത്തിയ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിനെതിരേ ഇസ്രയേൽ രംഗത്തെത്തിയിരുന്നു. തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം ശൂന്യതയിൽനിന്ന് ഉണ്ടായതല്ലെന്നായിരുന്നു ഗുട്ടെറസ് യുഎൻ സുരക്ഷാ സമിതി യോഗത്തിൽ പ്രസ്താവിച്ചത്. ഗുട്ടെറസ് രാജിവയ്ക്കണമെന്ന് യുഎന്നിലെ ഇസ്രയേൽ പ്രതിനിധി ഗിലാദ് എർദാൻ ആവശ്യപ്പെട്ടു. യുഎൻ പക്ഷപാതപരമായി പെരുമാറുന്നുവെന്നാണ് ഇസ്രയേലിന്‍റെ ആരോപണം. ഇതിനു പിന്നാലെ വിശദീകരണവുമായി ഗുട്ടെറസ് രംഗത്തെത്തി. തന്‍റെ വാക്കുകൾ തെറ്റായാണു വ്യാഖ്യാനിച്ചതെന്നും ഹമാസിന്‍റെ ആക്രമണത്തെ ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
fbg