യുഎന്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അന്‍റോണിയോഗുട്ടെറസ് രാജിവയ്ക്കണമെന്ന് ഇസ്രയേൽ
യുഎന്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അന്‍റോണിയോ ഗുട്ടെറസ് രാജിവയ്ക്കണമെന്ന് ഇസ്രയേൽ. ഹമാസിന്‍റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്ന അന്‍റോണിയോ ഗുട്ടെറസിന്‍റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഇസ്രയേൽ അംബാസഡർ ഗിലഡ് എർദാന്‍ രാജി ആവശ്യം ഉന്നയിച്ചത്. ഇസ്രയേൽ ജനതയ്ക്ക് നേരെ നടത്തിയ ഭീകര പ്രവർത്തനത്തെ ഒരു നിലയ്ക്കും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല. എത്രയും പെട്ടെന്ന് തന്നെ ഗുട്ടെറസ് രാജിവയ്ക്കണമെന്നും ഗിലഡ് ആവശ്യപ്പെട്ടു. ഇസ്രയേലിനു നേരെ ഉണ്ടായ ഹമാസിന്‍റെ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്നും കഴിഞ്ഞ 56 വർഷമായി പലസ്തീന്‍ ജനത തങ്ങളുടെ ഭൂമിയിൽ അധിനിവേശത്തിനിരയായി വീർപ്പുമുട്ടി കഴിയുകയാണെന്നും ഗുട്ടെറസ് പറഞ്ഞിരുന്നു.
യുഎന്‍ സുരക്ഷാ കൗണ്‍സിലിലായിരുന്നു ഗുട്ടെറസിന്‍റെ പരാമർശം. എന്നിരുന്നാലും പലസ്തീന്‍ ജനതയുടെ ദുരിതങ്ങൾക്ക് ഹമാസിന്‍റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല. ഭീകരാക്രമണത്തിന്‍റെ പേരിൽ പലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനേയും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേൽ അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്‍റ നഗ്നമായ ലംഘനത്തിനാണ് ഗാസയിൽ നാം സാക്ഷ്യം വഹിച്ചത്. ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. സായുധപോരാട്ടത്തിൽ അന്താരാഷ്ട്ര മാനുഷികനിയമത്തിനു മുന്നിൽ ഒരു കക്ഷിയും അതീതരല്ലെന്നും ഗുട്ടെറസ് കൂട്ടിച്ചേർത്തു.
dsfdsf