ഹമാസ് രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ചു


ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ, ഹമാസ് രണ്ട് ബന്ദികളെ കൂടി മോചിപ്പിച്ചു. വയോധികരായ രണ്ട് വനിതകളെയാണ് റെഡ്‌ക്രോസിന് കൈമാറിയത്. ഇതോടെ ഹമാസ് മോചിപ്പിച്ച ബന്ദികളുടെ എണ്ണം നാലായി. ഇന്ന് പുലർച്ചെ അൽ ശത്തി അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 12 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. ഗസ്സയിലെ മരണ സംഖ്യ 5,100 കടന്നു. മരിച്ചവരിൽ 2,055 ലേറെ കുട്ടികളും, 1120 ലേറെ പേർ വനിതകളുമാണ്. ഫലസ്തീൻ ആരോഗ്യമന്ത്രാലത്തിന്റെ കണക്കുപ്രകാരം പരിക്കേറ്റവരുടെ എണ്ണം 15,275 കവിയും.ഈജിപ്തിന്റെയും, ഖത്തറിന്റെയും ഇടപെടലിനെ തുടർന്നാണ് രഹസ്യകേന്ദ്രത്തിൽ കസ്റ്റഡിയിൽവെച്ചിരുന്ന രണ്ട് ബന്ദികളെ ഹമാസ് റെഡ്‌ക്രോസിന് കൈമാറിയത്. മുഴുവൻ ബന്ദികളെയും മോചിപ്പിച്ച ശേഷം ചർച്ചയാകാമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെടിനിർത്തലിന് ഉപാധി വെച്ചിരിക്കുന്നത്. ഇസ്രായേലിന് പുറമെ മറ്റൊരു രാജ്യത്തിന്റെ പൗരത്വമുള്ള 50 ബന്ദികളെ വിട്ടയക്കാൻ ഹമാസ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ റേഡിയോ അവകാശപ്പെടുന്നു.

യുദ്ധനിയമങ്ങൾ പോലും പാലിക്കാതെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ യൂറോപ്യൻ യൂണിയൻ വിദേശകാര്യ കമ്മീഷണർ വിമർശിച്ചു. ഇസ്രയേലിന്റെ പ്രതിരോധം നിയമങ്ങൾ പാലിച്ചാകണമെന്നും, സിവിലിയൻമാർക്ക് വൈദ്യുതിയും വെള്ളവും നിഷേധിച്ചല്ലെന്നും ബോറൽ കുറ്റപ്പെടുത്തി. തടവിൽ കഴിയുന്ന തങ്ങളുടെ ഉന്നത നേതാക്കളിൽ ഒരാളെ ഇസ്രായേൽ കൊന്നു കളഞ്ഞതായി ഹമാസ് പറഞ്ഞു. പോരാട്ടം രൂക്ഷമാകുമ്പോൾ ജാഗ്രതയിലാണ് യു.എസ് സൈനിക ആസ്ഥാനമായ പെന്റഗൺ. വരും ദിവസങ്ങളിൽ മേഖലയിലെ യു.എസ് സൈനികർക്ക് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷം മൂർച്ഛിക്കാതിരിക്കാൻ ആത്മരക്ഷാർഥമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പെന്റഗൻ നിർദേശം. 

അതിനിടെ, സിറിയയിൽ അമേരിക്കൻ സേനയുടെ നിയന്ത്രണത്തിലുള്ള അൽ ഒമർ എണ്ണപ്പാടത്ത് സ്‌ഫോടനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. സംഘർഷം രൂക്ഷമാകവെ ഫലസ്തീൻ− ഇസ്രായേൽ വിഷയത്തിൽ സംയമനം പാലിക്കണമെന്ന് ആവശ്യപെട്ട് അമേരിക്ക കത്ത് നൽകിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കാൻ ഇടവരുത്തരുത് എന്ന് കൂടി ആവശ്യപ്പെടുന്ന രണ്ട് കത്തുകളാണ് കൈമാറിയത്. സംഘർഷത്തിന് ഉത്തരവാദി അമേരിക്കയാണ് എന്ന് കത്തിന് മറുപടി നൽകുമെന്ന് വിദേശകാര്യ മന്ത്രി ഹുസൈൻ ഉമർ അബ്ദുല്ലാഹിയാൻ പ്രതികരിച്ചു. 

കനത്ത വ്യോമാക്രമണത്തിലും, ഇസ്രായേൽ ഉപരോധത്തിലും മരുന്നും അവശ്യവസ്തുക്കളുമില്ലാതെ വലയുകയാണ് ഗസ്സ. 54 ട്രക്കുകൾ മാത്രമാണ് റഫ അതിർത്തി വഴി സഹായവുമായി എത്തിയത്. ഗർഭിണികൾക്കും നവജാത ശിശുക്കൾക്കും നൽകേണ്ട മരുന്നിനും, ചികിത്സാ ഉപകരണങ്ങൾക്കും ക്ഷാമം നേരിടുന്നു. പിറന്നുവീഴുന്ന കുട്ടികളുടെ ജീവൻ പോലും അപകടത്തിലാണ്. ആശുപത്രികൾക്ക് നേരെ ഇനിയും ആക്രമണം നടന്നേക്കുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്.

article-image

zdfdxzg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed