പോരാട്ടം അവസാനിക്കാതെ ഇസ്രേലി ബന്ദികളെ വിട്ടയയ്ക്കുന്നതിൽ ചർച്ചയില്ലെന്ന് ഹമാസ്


പോരാട്ടം അവസാനിക്കാതെ ഇസ്രേലി ബന്ദികളെ വിട്ടയയ്ക്കുന്നതിൽ ചർച്ചയില്ലെന്ന് ഹമാസ്. ഇസ്രയേലുമായി ദീർഘകാല യുദ്ധത്തിനു തയാറാണെന്നും ഹമാസ് അറിയിച്ചു. ഇതോടെ ഹമാസ് ഗാസയിലേക്കു തട്ടിക്കൊണ്ടുപോയ 150ഓളം ഇസ്രേലികളുടെ മോചനത്തിൽ അനിശ്ചിതാവസ്ഥ ശക്തമായി. ഇസ്രയേൽ ഗാസയിൽ ആക്രമണം തുടർന്നാൽ ബന്ദികളെ വധിക്കാൻ തുടങ്ങുമെന്ന ഭീഷണിയും ഹമാസ് മുഴക്കിയിട്ടുണ്ട്. ശനിയാഴ്ച തെക്കൻ ഇസ്രയേലിൽ ആക്രമണം അഴിച്ചുവിട്ട ഹമാസ് 150ഓളം പേരെയെങ്കിലും തട്ടിക്കൊണ്ടുപോയതായി അനുമാനിക്കുന്നു. സൈനികർക്കു പുറമേ സ്ത്രീകളും കുട്ടികളും വയോധികരും ഇതിലുണ്ട്. ഇസ്രയേലുമായുള്ള യുദ്ധം അവസാനിക്കാതെ ഇവരുടെ മോചനത്തിൽ ചർച്ചയില്ലെന്നാണു ഹമാസിന്‍റെ രാഷ്‌ട്രീയവിഭാഗം മേധാവി ഇസ്മയിൽ ഹനിയ അറിയിച്ചത്. മധ്യസ്ഥചർച്ച നടത്തുന്നവരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇസ്രയേലുമായി ദീർഘയുദ്ധത്തിനു തയാറാണെന്നു പ്രവാസത്തിൽ കഴിയുന്ന ഹമാസ് നേതാവ് അലി ബരാക്കെ പറഞ്ഞു. ദീർഘകാല യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ഹമാസ് നടത്തിയിട്ടുണ്ട്. ദീർഘകാലത്തേക്കുള്ള റോക്കറ്റുകൾ ഹമാസിന്‍റെ ആയുധപ്പുരയിൽ തയാറാണ്. ഇസ്രയേലിലും വിദേശത്തുമുള്ള പലസ്തീൻ തടവുകാരുടെ മോചനത്തിന് പകരമായി ഇസ്രേലി ബന്ദികളെ കൈമാറാൻ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ, ഗാസാ നിവാസികൾക്കു മുന്നറിയിപ്പു നല്കാതെ ബോംബ് ആക്രമണം നടത്തിയാൽ ഇസ്രേലി ബന്ദികളെ വധിച്ചുതുടങ്ങുമെന്ന ഭീഷണിയും ഹമാസ് മുഴക്കിയിട്ടുണ്ട്. ബന്ദികളുടെ മോചനത്തിനായി ഖത്തറിന്‍റെ മധ്യസ്ഥതയിൽ ചർച്ച നടക്കുന്നുണ്ട്. ഇസ്രയേലും ഹമാസും ഇക്കാര്യം സ്ഥിരീകരിക്കാൻ തയാറായിട്ടില്ല.

article-image

asasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed